ഏലി ഷറാബി കുടുംബത്തോടൊപ്പം, ഏലി ഷറാബി മോചിതനാകുന്നതിന് തൊട്ടുമുന്‍പ്
നീണ്ട ഒരുവര്‍ഷം, ഹമാസിന്‍റെ തടവില്‍ നിന്ന് മോചിതനായി തിരിച്ചെത്തുമ്പോള്‍ ഏലി ഷറാബി എന്ന ഇസ്രയേല്‍ യുവാവിന് ഒരാഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ... തന്‍റെ ഭാര്യയേയും കുട്ടികളെയും കാണുക. ഒരുപക്ഷേ ആ ആഗ്രഹം തന്നെയായിരുന്നും എല്ലാം അതിജീവിച്ച് തിരിച്ചുവരാന്‍ യുവാവിന് ശക്തി നല്‍കിയതും. മോചിപ്പിക്കപ്പെട്ട് തിരിച്ചെത്തിയ ഏലി മാധ്യമങ്ങളോട് പറഞ്ഞതും അക്കാര്യം മാത്രമായിരുന്നു... ‘എന്‍റെ ഭാര്യയെയും പെണ്‍കുട്ടികളേയും വീണ്ടും കാണാനാകുന്നതില്‍ ഞാന്‍ അതീവ സന്തോഷവാനാണ്’. എന്നാല്‍ ഏലി ഷറാബിക്കായി കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. യുദ്ധമുഖത്തുനിന്നുള്ള ഹൃദയഭേദകമായ കാഴ്ചകളില്‍ ഒന്നായി മാറുകയാണ് ഏലിയുടെ മോചനം.
491 ദിവസം ഹമാസ് തടവിൽ കഴിഞ്ഞ ശേഷം ശനിയാഴ്ച രാവിലെയാണ് എലി ഷറാബി മോചിതനാകുന്നത്. എന്നാല്‍ 2023 ഒക്ടോബർ 7 ന് ഹമാസിന്‍റെ ആക്രമണത്തില്‍ യുവാവിന്‍റെ ഭാര്യയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ടിരുന്നു. ഭാര്യ ലിയാന്‍, മക്കളായ നോയ (16), യാഹെൽ (13) എന്നിവരെ കിബുട്സ് ബേരിയിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം യുവാവിന് അറിയില്ലായിരുന്നു. ഭാര്യയുടെയും പെൺമക്കളുടെയും അടുത്തേക്ക് മടങ്ങിയെത്തുന്നതിനാല്‍ താന്‍ അതീവ സന്തോഷവാനാണെന്നാണ് യുവാവ് ബിബിസിയോട് പറഞ്ഞത്. ഒക്ടോബർ 7 ന് ഏലി ഷറാബിയുടെ സഹോദരന്‍മാരില്‍ ഒരാളായ യോസി ഷറാബി തടവിലിരിക്കെ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ വ്യോമാക്രമണത്തിനിടെയാണ് യോസി മരിച്ചതെന്നാണ് ഹമാസ് പറയുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും ഗാസയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെടിനിർത്തൽ കരാറിന്റെ ഭാഗമായി 183 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുന്നത്. ഏറ്റവും ഒടുവിലായി മോചിപ്പിച്ച മൂന്ന് ബന്ദികളിൽ ഒരാളായിരുന്നു ഏലി ഷറാബി. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ കിബുട്സ് ബേരിയിൽനിന്നാണ് ഹമാസ് ഏലിയെ പിടികൂടിയത്. ഏലിയെ കൂടാതെ ഒഹദ് ബെൻ അമി, നോവ സംഗീതോത്സവ വേദിയിൽനിന്നു ബന്ദിയാക്കിയ ഒർ ലെവി എന്നിവരെയാണ് ഹമാസ് ഒടുവില്‍ വിട്ടയച്ചത്. അതേസമയം, ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അസ്ഥികൂടം പോലെയായെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. മോചിതരായവരുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നു പറഞ്ഞ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇക്കാര്യം വേണ്ടരീതിയിൽ കൈകാര്യം ചെയ്യുമെന്നും സൂചിപ്പിച്ചു.