ഇസ്രയേലിനെതിരായ അന്വേഷണത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധം ഏര്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ്. ഐസിസിക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കും. അമേരിക്കയ്ക്കും അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനുമെതിരെ ഐസിസി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ട്രംപിന്‍റെ ഉത്തരവില്‍ പറയുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച ഐസിസി നടപടിയാണ് ട്രംപിനെ ചൊടിപ്പിച്ചത്. രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ഉദ്യോഗസ്ഥര്‍ക്ക് യുഎസിലും ഇസ്രയേലിലും വീസ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏതെങ്കിലും തരത്തില്‍ ഐസിസിയുമായി സഹകരിക്കുന്നവര്‍ക്കും വീസ നിയന്ത്രണവും ഉപരോധവും ബാധകമാണ്.
നെതന്യാഹു വൈറ്റ് ഹൗസ് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ നടപടി. ഗാസ ഏറ്റെടുക്കുമെന്നും പലസ്തീനികളെ മറ്റ് മധ്യപൂര്‍വ രാജ്യങ്ങളിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലോ, അമേരിക്കയോ രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ അംഗമല്ല. ട്രംപിന്‍റെ നടപടിയോട് ഐസിസി ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.