image: TikTok
കൈക്കുഞ്ഞിനെ വൈപ്പറാക്കി കാറിന്‍റെ ഗ്ലാസിലെ മഞ്ഞ് തുടച്ച് നീക്കിയ സംഭവത്തില്‍ 25കാരനായ പിതാവിനെതിരെ ക്രിമിനല്‍ കേസ്. ടെക്സസിലാണ് സംഭവം. ടിക്ടോക്കില്‍ വൈറലായ വിഡിയോ മാധ്യമപ്രവര്‍ത്തകനായ കെവിന്‍ സ്റ്റീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കമ്പിളിയില്‍ പൊതിഞ്ഞ കുരുന്നിനെ രണ്ട് കൈകളും കൊണ്ട് ശക്തിയായി കാറിന്‍റെ ഗ്ലാസിന് മുകളിലിട്ട് അങ്ങോട്ടുമിങ്ങോട്ടും നീക്കി മഞ്ഞ് നീക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തില്‍ പോര്‍ട്ട് ആര്‍തര്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യന്നു. സംഭവ സമയത്ത് മറ്റ് രണ്ട് സ്ത്രീകളും യുവാവിനൊപ്പമുണ്ടായിരുന്നുവെന്നും അവരില്‍ ഒരാള്‍ ഓടി വന്ന് കുട്ടിയെ നോക്കിയെന്നും കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് ഉറപ്പാക്കി മടങ്ങുന്നതും വിഡിയോയില്‍ കാണാം.
അച്ഛന്‍റെ നിരുത്തരവാദപരമായ പ്രവര്‍ത്തി കൊണ്ട് കുട്ടിക്ക് പ്രത്യക്ഷത്തില്‍ അപകടമൊന്നും ഉണ്ടായില്ലെങ്കിലും ഇത്തരം നടപടികള്‍ ശരിയല്ലെന്നും യുവാവിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്നും ജെഫേഴ്സണ്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി അറിയിച്ചു. ആളുകള്‍ സമൂഹമാധ്യമങ്ങളിലെ ലൈക്കിനും റീച്ചിനുമായി എന്തും െചയ്യുമെന്ന അവസ്ഥയിലാണ് എത്തിയിരിക്കുന്നതെന്നും വൈറലാകാന്‍ സാധാരണ ചെയ്യുന്ന തമാശ പോലെയല്ല മൂന്ന് മാസം പ്രായമുള്ള കുരുന്നിനെ വൈപ്പറാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
കുട്ടിയുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ പിതാവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇത് സത്യമാകരുതേ എന്ന് ഒരാളും, ശരിക്കും ജീവനുള്ള കുഞ്ഞിനെയാണോ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് മറ്റൊരാളും കുറിച്ചു. ആളുകള്‍ സ്വന്തം കുറ്റകൃത്യങ്ങള്‍ക്ക് തെളിവുണ്ടാക്കുന്നത് ഇങ്ങനെയാണെന്നായിരുന്നു വേറെ ഒരാള്‍കുറിച്ചത്.