കോവിഡിനെത്തുടര്‍ന്ന് ഐസലേഷനിലായതോടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍, തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറുമെന്ന അഭ്യൂഹം ശക്തമാകുന്നു. നിര്‍ണായകപ്രഖ്യാപനം ഉടനുണ്ടായേക്കും എന്നാണ് സൂചന. അതേസമയം വെടിവയ്പില്‍ പരുക്കേറ്റ ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി റാലികളില്‍ വന്‍ ആവേശം തീര്‍ത്താണ് ട്രംപിന്‍റെ.
വലതു ചെവിയില്‍ ബാന്‍ഡേജുമായെത്തി പാര്‍ട്ടി റാലികളെത്തുന്ന ട്രംപ്, തന്‍റെ പോരാട്ടവീര്യം ഊന്നിപ്പറഞ്ഞാണ് പ്രസംഗം. കണ്ണീരണിഞ്ഞും കയ്യടിച്ചും പിന്തുണയുറപ്പിച്ച് റാലികളില്‍ വന്‍ജനക്കൂട്ടം. ട്രംപിന്‍റെ പ്രചാരണത്തില്‍ നിന്ന് ഇതുവരെ വിട്ടുനിന്ന ഭാര്യ മെലനിയ മിവാക്കിയില്‍ നടന്ന റാലിയില്‍ പങ്കെടുത്തു
റിപ്പബ്ലിക്കന്‍ ക്യാംപില്‍ ആവേശം അലതല്ലുമ്പോള്‍ ഡെമോക്രാറ്റിക് ക്യാംപ് പ്രതിസന്ധിയിലാണ്. വിമര്‍ശനങ്ങള്‍ക്കിടയിലും ജോ ബൈഡനൊപ്പം ഉറച്ചുനിന്ന, മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും, നാന്‍സി പെലോസിയും വൈസ് പ്രസിഡന്‍റ് കമല ഹാരിസുമടക്കം മുതിര്‍ന്ന നേതാക്കള്‍ നിലപാട് മാറ്റിക്കഴിഞ്ഞു. പരസ്യമായി പറയുന്നില്ലെങ്കിലും ഒബാമ നേരിട്ട് ബൈഡനോട് ഇക്കാര്യം സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. പെനിസില്‍ വാലിയ, വിസ്കോസിന്‍, മിഷിഗണ്‍, നെവാഡ, ജോര്‍ജിയ, അരിസോണ തുടങ്ങി വലിയ മാര്‍ജിന്‍ പ്രതീക്ഷിച്ചിരുന്ന ഇടങ്ങളിലൊക്കെ പാര്‍ട്ടിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായെന്നാണ് ഡെമാക്രാറ്റിക് ധനശേഖരണ കമ്മിറ്റികളുടെ വിലയിരുത്തല്‍. എയര്‍ഫോഴ്സ് വണ്ണിലേക്ക് ഇടറി നീങ്ങുന്ന ബൈഡനെയും വെടിയേറ്റതിനു പിന്നാലെ ഫൈറ്റ് ഫൈറ്റ് എന്ന് ഉറക്കെ പറയുന്ന ട്രംപിനെയും താരതമ്യപ്പെടുത്തി റിപ്പബ്ലിക്കന്‍മാര്‍ വീഡിയോ പ്രചാരണം സജീവമാക്കി കഴിഞ്ഞു. ദീര്‍ഘകാല പൊതുപ്രവര്‍ത്തനത്തിന്‍റെ മഹത്വം കളയാതെ, സ്വരം തീരെ മോശമാകും മുന്‍പ് ബൈഡന്‍ മല്‍സരം നിര്‍ത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഡെമോക്രാറ്റുകള്‍.