ഫയല്‍ ചിത്രം

  • ഇന്ത്യൻ കമ്പനികൾ വരും ദിവസങ്ങളിൽ ഖത്തറിലേക്ക് പറക്കും
  • കേരളത്തിലേക്കുള്ള നേരിട്ടുള്ള സർവീസുകളും സജീവമാകും

പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട ഖത്തറിലെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളം വഴിയുള്ള വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

സംഘർഷ സാഹചര്യങ്ങളിൽ അയവു വന്നതോടെയാണ് വിമാനങ്ങൾ വീണ്ടും സർവീസുകൾ ആരംഭിക്കുന്നത്. എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾ വരും ദിവസങ്ങളിൽ ഖത്തറിലേക്ക് പറക്കും. കേരളത്തിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ സജീവമാകുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. വിവിധ ഘട്ടങ്ങളിലുള്ള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അതോറിറ്റി അനുമതി നൽകിയത്. രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിമാനങ്ങളുടെ പ്രവർത്തനം. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ഇറാന്റെ ആക്രമണങ്ങളെത്തുടർന്ന് വ്യോമപാത അടച്ചതാണ് സർവീസുകൾ നിലയ്ക്കാൻ കാരണമായത്. മാർച്ചിൽ വ്യോമപാത ഭാഗികമായി തുറന്നതോടെ ഖത്തർ എയർവേയ്‌സ് സർവീസുകൾ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് വിദേശ വിമാനക്കമ്പനികളും ഖത്തറിലേക്ക് തിരിച്ചെത്തുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വരും ആഴ്ചകളിൽ എല്ലാ വിമാനങ്ങളും സാധാരണ സമയക്രമം പാലിക്കുമെന്നാണ് സൂചന. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ നേരത്തെ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Qatar Flight Services Resume: Hamad International Airport Returns to Normalcy:

Flight operations at Qatar's Hamad International Airport are returning to normal after disruptions caused by Middle East tensions. Foreign airlines have partially resumed services, with Indian carriers like Air India and IndiGo set to restart flights soon. The Civil Aviation Authority confirmed that all operations will adhere to international safety standards following rigorous security checks. The reopening of airspace, which was closed due to regional conflicts, is expected to stabilize ticket prices and provide significant relief to expatriates, especially those traveling to Kerala. Authorities have advised passengers to arrive early at the airport to manage the expected surge in traffic.