യു.എസുമായി ചര്‍ച്ച നടത്തുന്ന ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗർ ഗാലിബാഫയെയും വധിക്കാനുള്ള ഇസ്രയേല്‍ പ്ലാനിന് തടയിട്ടത് യു.എസ്. മധ്യേഷ്യയിലെ തങ്ങളുടെ സഖ്യകക്ഷികള്‍ വഴി വധശ്രമ വിവരം ഇറാനെ അറിയിക്കുകയായിരുന്നു യു.എസ് ചെയ്തത്. ഇടക്കാല സമാധാന ചര്‍ച്ചകളെ ബാധിക്കുകയും ഗള്‍ഫ് മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന ആശങ്കയെ തുടര്‍ന്നാണ് യു.എസ് നടപടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍റെ നേതൃനിരയെ ഇല്ലാതാക്കുക എന്നതായിരുന്നു ഇസ്രയേലിന്‍റെ തന്ത്രം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി, സായുധ സേനകളുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് അലി ലാരിജാനി, ദേശിയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടറി അടക്കം 50 ലധികം ഇറാന്‍ നേതാക്കള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. യു.എസുമായുള്ള സമാധാന കരാറിന്‍റെ ചട്ടകൂട് ഉണ്ടാക്കുന്നതിന് വിവിധ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയത് അരാഗ്ചിയും ഗാലിബാഫയുമായിരുന്നു.
ലക്ഷ്യമിട്ടത് നിരവധി തവണ
യുദ്ധമുഖത്ത് യു.എസിന്‍റെ ആക്രമണം ഇറാന്‍ നേവിക്കും മിസൈല്‍ കേന്ദ്രങ്ങള്‍ക്കും എതിരെയായിരുന്നെങ്കില്‍ ഇറാന്‍ നേതൃത്വത്തെയായിരുന്നു ഇസ്രയേല്‍ തുടക്കം മുതല്‍ ലക്ഷ്യമിട്ടത്. അരാഗ്ചിയും ഗാലിബാഫും ഇസ്രായേലിന്റെ ലക്ഷ്യങ്ങളിലുണ്ടായിരുന്നു. എന്നാൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചതിനെത്തുടർന്ന് ഇവരെ ഒഴിവാക്കാന്‍ ഇസ്രയേലിനോട് യു.എസ് ആവശ്യപ്പെടുകയായിരുന്നു.
2025 ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിലും ഈ വര്‍ഷത്തെ സംഘര്‍ഷ സമയത്തും ഗാലിബാഫ് നേരിയ വ്യത്യാസത്തിലാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. ബങ്കറിൽ വെച്ച് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്ത രഹസ്യ യോഗത്തെ ഇസ്രായേൽ ലക്ഷ്യമിട്ടപ്പോഴായിരുന്നു ഇതിലൊന്ന്. രണ്ട് തവണയും അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഗാലിബാഫിനെ രക്ഷപ്പെടുത്തിയതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സുമായുള്ള കൂടിക്കാഴ്ചയ്ക്ക് പാക്കിസ്ഥാനിലേക്ക് പോയ ഗാലിബാഫിയുടെയും അരാഗ്ചിയുടെയും സുരക്ഷയില്‍ ഇറാന് ആശങ്കയുണ്ടായിരുന്നു. പാക്കിസ്ഥാന്‍, ഖത്തര്‍ ഉദ്യോഗസ്ഥര്‍ വഴി ഇസ്രയേല്‍ ഓപ്പറേഷന്‍ ഉണ്ടാകില്ലെന്ന ഉറപ്പ് യു.എസില്‍ നിന്നും ഇറാന്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെ ചര്‍ച്ചയ്ക്ക് എത്തിയ സംഘത്തിന് പാക്കിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കുകയും ചെയ്തിരുന്നു.