111 ദിവസം ഇറാന് മേല്‍ അമേരിക്കയും ഇസ്രായേലും ബോംബ് വര്‍ഷിച്ച യുദ്ധം അവസാനിച്ചു. മിനാബിലെ 156 കുഞ്ഞുങ്ങളടക്കം 3,468 ഇറാന്‍ പൗരന്മാരെ കൊലപ്പെടുത്തിയപ്പോള്‍ അമേരിക്കയ്ക്ക് നഷ്ടം 15 പേരെ. ആക്രമണത്തിന് കോപ്പ് കൂട്ടിയ ഇസ്രായേലിന് നഷ്ടപ്പെട്ടത് 43 പേരെയും. ഒരു സെക്കന്റ് നേരത്തെ യുദ്ധത്തിന് അമേരിക്കയ്ക്ക് ചെലവ് 11 ലക്ഷത്തോളം രൂപ. അത്യാധുനിക ഉപകരണങ്ങളുമായി മൂന്ന് രാജ്യങ്ങളും കളത്തില്‍ ശൗര്യംകാട്ടിയപ്പോള്‍ അമേരിക്കയ്ക്ക് വഴികാട്ടിയത് പുത്തന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ. യുദ്ധത്തിന്റെ ആദ്യ 24 മണിക്കൂറില്‍ ആയിരത്തിലധികം ലക്ഷ്യസ്ഥാനങ്ങളാണ് അമേരിക്കന്‍ ബോംബറുകള്‍ തകര്‍ത്തത്. 

ഉന്നം പിഴയ്ക്കാത്ത ആക്രമണത്തിന് അമേരിക്കന്‍ സൈന്യത്തെയും പെന്റഗണിനെയും സഹായിച്ചത് ദ് മാവെന്‍ സ്മാര്‍ട്ട് സിസ്റ്റമെന്ന എ.ഐ സംവിധാനം. ഡാറ്റാ മൈനിങ് കമ്പനിയായ പാലന്റിര്‍ വികസിപ്പിച്ച മാവെന്റെ സഹായത്തോടെയാണ് ഉപഗ്രഹങ്ങളും ഇന്റലിജന്‍സ് സംവിധാനങ്ങളും അടക്കമുള്ളവയിലെ രഹസ്യവിവരങ്ങള്‍ ക്രോഡീകരിച്ച്, ആക്രമണത്തിന് മുന്‍ഗണനാക്രമം  നിശ്ചയിച്ചത്. മാവെനൊപ്പം ആന്ത്രോപിക്കിന്റെ ക്ലൗഡ് കൂടി ഒരുമിപ്പിച്ചപ്പോള്‍ പകരംവക്കാനില്ലാത്ത കൃത്യതയുള്ള എ.ഐ സംവിധാനം അമേരിക്കന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നു.

അമേരിക്കന്‍ സൈനികര്‍ക്ക് യാതൊരു മുന്‍പരിചയവുമില്ലാത്ത ഇറാന്റെ സമതലത്തില്‍ മാവെനും ക്ലൗഡും ചേര്‍ന്ന് നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങള്‍ നിര്‍ദേശിക്കുകയും ഇവയുടെ കൃത്യമായ കോര്‍ഡിനേറ്റുകള്‍ സൈനികര്‍ക്ക് കൈമാറുകയും ചെയ്തു. ലക്ഷ്യസ്ഥാനങ്ങളുടെ ഭീഷണി‌ മനസ്സിലാക്കി ആക്രണത്തിനുള്ള മുന്‍ഗണനാ ക്രമം നിശ്ചയിച്ചതും ഇതേ എ.ഐ സംവിധാനം. മാവന്‍ ക്ലൗഡ് കൂട്ടുകെട്ട് അമേരിക്കന്‍ ആക്രമണത്തിന്റെ വേഗം കൂട്ടാനും ഇറാന്‍ തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനും മുതല്‍ക്കൂട്ടായി. ആഴ്ചകള്‍ വേണ്ട ആക്രമണത്തിന്റെ ആസൂത്രണം നിമിഷങ്ങള്‍ക്കുള്ളില്‍ നല്‍കുന്നതിന് മറ്റൊരു സംവിധാനവും മാവെന്‍ വികസിപ്പിച്ചു. ആക്രമണത്തിന് കോപ്പുകൂട്ടുക മാത്രമല്ല, അതിനെ ഈ എ.ഐ സംവിധാനം വിലയിരുത്തുകയും ചെയ്യുന്നു. 

യുദ്ധത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പെന്റഗണ്‍ പൂര്‍ണമായും ആശ്രയിച്ചതും ഈ സംവിധാനത്തെ. ഇറാനിലേക്ക് അമേരിക്ക നിയോഗിച്ച കമാന്‍ഡര്‍മാരാകട്ടെ മാവേന്‍ – ക്ലൗഡ് എ.ഐ സംവിധാനം ഉപയോഗിക്കാന്‍ വൈദഗ്ധ്യം നേടിയവരും. 

ജനുവരിയില്‍ അര്‍ധരാത്രി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയെ തട്ടിക്കൊണ്ടുപോകാനാണ് അമേരിക്ക മാവെന്‍ – ക്ലൗഡ് എ.ഐയെ ആദ്യമായി ഉപയോഗിക്കുന്നത്. എന്നാല്‍ യുദ്ധത്തില്‍ ആദ്യമായി ഉപയോഗിക്കുന്നത് ഇറാനെതിരെ. ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ മിനാബ് സ്കൂള്‍ തകര്‍ത്ത് 156 കുഞ്ഞുങ്ങളെ കൂട്ടക്കുരുതി നടത്തിയത് ശത്രുകേന്ദ്രമെന്ന് തെറ്റിദ്ധരിച്ചത് മൂലമാണെന്നും ആരോപണമുണ്ട്. ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോ‍ഡെയ് ആരോപണത്തെ ഇതുവരെ തള്ളിയിട്ടില്ല, പകരം തെറ്റുകള്‍ ഭയാനകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുമ്പോള്‍ അമേരിക്ക ആശ്രയിച്ചത് മേവന്റെ മുന്‍പതിപ്പുകളെയാണ്. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്ലൗഡും മാവെനും തമ്മില്‍ യോജിപ്പിക്കാന്‍ പെന്റഗണ്‍ ആരംഭിക്കുന്നത്. രഹസ്യ ഇന്റലിജന്‍സ് വിവരങ്ങള്‍ ക്രോഡീകരിക്കാനും ആക്രമണങ്ങളെ സഹായിക്കാനും ലോജിസ്റ്റിക് ആവശ്യങ്ങള്‍ക്കുമായിരുന്നു മാവന്റെ തുടക്കം. രണ്ടായിരം പേരുടെ ജോലിചെയ്യാന്‍ ഇരുപത് പേര്‍ മതിയെന്നതും എ.ഐ സംവിധാനത്തെ പെന്റഗണ് പ്രിയമാക്കി. 2025ല്‍ പാലന്ററുമായി നാറ്റോയും കരാറില്‍ ഒപ്പിട്ടു. മാവെന്റെ പതിപ്പ് സൈനികര്‍ക്ക് വിഡിയോ ഗെയിമിലേത് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നാണ് നാറ്റോ വിലയിരുത്തല്‍. പക്ഷെ യുദ്ധങ്ങളില്‍ എ.ഐയുടെ പങ്ക് എന്തെന്ന് തുറന്നുപറയാന്‍ പെന്റഗണോ പാലന്റിര്‍ – ആന്ത്രോപിക് കമ്പനിയോ തയ്യാറായിട്ടില്ല.

ENGLISH SUMMARY:

The end of the 111-day war between the US, Israel, and Iran, highlighting the historic and controversial first-time deployment of advanced artificial intelligence systems like Maven and Claude in military combat. These sophisticated AI tools significantly accelerated strike planning for the Pentagon, though tragic targeting errors reportedly led to heavy civilian casualties in Iran.