REUTERS

ലബനനിലെ ഇസ്രയേല്‍ നടപടിയില്‍ പ്രകോപനവുമായി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് അടച്ചാണ് ഇറാന്‍ തിരിച്ചടിച്ചത്. ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടെന്നും ലബനനില്‍ ആക്രമണം തുടര്‍ന്നാല്‍ കടുത്ത നടപടിയെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്താന്‍ ഇസ്രയേലിനോട് യു.എസ് നിര്‍ദേശിക്കണമെന്നും ആവശ്യം. 

ലബനനില്‍ ഇസ്രയേല്‍ നടത്തില്‍ ആക്രമണത്തില്‍ 16 പേരാണ് കൊല്ലപ്പെട്ടത്. 

 

അമേരിക്കയുമായി സമാധാനക്കരാർ ഒപ്പുവച്ച് ദിവസങ്ങൾക്കകമാണ് വീണ്ടും പശ്ചിമേഷ്യയിൽ അശാന്തി ഉടലെടുക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന് അറുതി വരുത്തി അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാറിൽ ഒപ്പുവച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി വെഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു.

 

തെക്കൻ ലബനനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറില്ലെന്ന് ബെന്യാമിൻ നെതന്യാഹു നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ പ്രസിഡന്റും പശ്ചിമേഷ്യയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഒപ്പുവച്ചതിന് പിന്നാലെ ബെന്യാമിൻ നെതന്യാഹു ആദ്യം നടത്തിയ പരാമർശമാണിത്. ലബനനിൽ നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റം സമാധാന കരാറിലെ പ്രധാന നിബന്ധനകളിലൊന്നാണ് ‘‘വടക്ക് സുരക്ഷ പുനഃസ്ഥാപിക്കും. ഇതിന് തെക്കൻ ലബനനിൽ സുരക്ഷാ നിലനിർത്തേണ്ടതുണ്ട്. ഇസ്രയേലിന്റെ സുരക്ഷാ ആവശ്യങ്ങൾ ആവശ്യപ്പെടുന്നിടത്തോളം കാലം അവിടെ നിന്ന് നമ്മൾ പിന്മാറരുത്’’ – നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

 

കരാറിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെ∙ ലബനനടക്കം എല്ലാ വിഭാഗങ്ങളും സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കും.∙ 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം.∙ ഇറാനിലേർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും.∙ ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം.∙ ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.∙ ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.∙ ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മാറ്റും.

ENGLISH SUMMARY:

Malayala Manorama Online News reports that Iran has closed the strategic Strait of Hormuz following alleged violations of the recently signed peace agreement. This move comes as Israel refuses to withdraw its military forces from southern Lebanon, threatening to plunge the Middle East back into deep conflict.