• കൊച്ചി മുണ്ടംവേലിയിലെ ഫ്ലാറ്റിന്റെ ദുര്‍ബലാവസ്ഥയില്‍ താമസക്കാരെ കുറ്റപ്പെടുത്തി മുൻ എം.എൽ.എ കെ.ജെ. മാക്സി. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. സര്‍ക്കാര്‍ മാറിയപ്പോള്‍ അവരുടെ അഭിപ്രായം മാറിയെന്ന് കെ.ജെ.മാക്സി

 

കൊച്ചി മുണ്ടംവേലിയിലെ ഫ്ലാറ്റിന്റെ ദുര്‍ബലാവസ്ഥയില്‍ താമസക്കാരെ കുറ്റപ്പെടുത്തി മുൻ എം.എൽ.എ കെ.ജെ. മാക്സി. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. സര്‍ക്കാര്‍ മാറിയപ്പോള്‍ അവരുടെ അഭിപ്രായം മാറിയെന്ന് കെ.ജെ.മാക്സി. വിജിലന്‍സ് അന്വേഷിക്കട്ടെയെന്നും ഇപ്പോഴത്തേത് രാഷ്ട്രീയ പകപോക്കലെന്നും മാക്സി പറഞ്ഞു.

 

ഫ്ലാറ്റ് സമുച്ചയം പൊളിച്ചുകളയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ എം.എൽ.എ കെ.ജെ. മാക്സി  പറഞ്ഞു. ഫ്ലാറ്റിലെ പ്രശ്നങ്ങൾ പൊളിച്ചുകളയുന്നതിന് പകരം അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ മാറിയതോടെ പുനരധിവാസം ആവശ്യപ്പെടുന്ന ഫ്ലാറ്റിലെ താമസക്കാർ തങ്ങളുടെ നിലപാട് മാറ്റിയെന്നും, രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് അവർ കോൺഗ്രസ് നേതാക്കളെ സമീപിക്കുകയാണെന്നും മാക്സി ആരോപിച്ചു. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് ഇത്രയും തുക മുടക്കി നിർമിച്ച ഒരു കെട്ടിടം പൊളിച്ചുകളയണമെന്ന് ആവശ്യപ്പെടുന്നത്.

 

എൽ.ഡി.എഫ് സർക്കാർ നിർമിച്ചതെല്ലാം മോശമാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢശ്രമമാണ് ഇതിനുപിന്നിൽ നടക്കുന്നത്. എല്ലാവരും സുരക്ഷിതമായി ജീവിക്കണമെന്നാണ് ആഗ്രഹം. ഫ്ലാറ്റിലെ ചോർച്ചയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അറ്റകുറ്റപ്പണികൾ നടത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. ഫ്ലാറ്റ് പൊളിച്ചുകളയുകയല്ല, മറിച്ച് നിലവിലുള്ള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുകയാണ് വേണ്ടത്. നിർമാണത്തിൽ യഥാർഥത്തിൽ എന്തെങ്കിലും അപാകതകളുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.ജെ. മാക്സി ആവശ്യപ്പെട്ടു.

 

അതേസമയം, മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റുകളുടെ നിര്‍മാണത്തില്‍ കൊടിയ അഴിമതിയെന്ന് മുഹമ്മദ് ഷിയാസ് എംഎല്‍എ. ഫ്ലാറ്റ് ദുര്‍ബലമാണെന്ന് മദ്രാസ് ഐഐടി കണ്ടെത്തി. 17 കോടിക്ക് നിര്‍മിച്ച ഫ്ലാറ്റിന് 28 കോടിയുടെ അറ്റകുറ്റപ്പണി നടത്തി. വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നും എം.എല്‍.എ.

ENGLISH SUMMARY:

Former MLA K.J. Maxi defended the Mundamveli Life Mission flats and argued that their problems could be resolved through repairs rather than demolition. He alleged that the demand for demolition was politically motivated. Meanwhile, MLA Muhammad Shiyas alleged corruption in the project, citing an IIT Madras assessment of structural weakness and the reported ₹28 crore repair expenditure on a project originally built for ₹17 crore.