• സ്വകാര്യവാഹനം സർക്കാരിന്റെ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും താൻ പൂർണ്ണമായും ചട്ടപ്രകാരമാണ് പ്രവർത്തിച്ചതെന്നും കെ.എം.ഷാജി

ഔദ്യോഗിക ആവശ്യങ്ങൾക്കായി സുഹൃത്തിന്റെ സ്വകാര്യ ആഡംബര വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി. സ്വകാര്യവാഹനം സർക്കാരിന്റെ ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും താൻ പൂർണ്ണമായും ചട്ടപ്രകാരമാണ് പ്രവർത്തിച്ചതെന്നും കെ.എം.ഷാജി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. തന്നെ കുറ്റക്കാരനാക്കണമെങ്കിൽ ആദ്യം ചട്ടങ്ങൾ മാറ്റേണ്ടിവരുമെന്നും മന്ത്രി വെല്ലുവിളിച്ചു. Also Read: ‘ആ ചിത്രം വ്യാജം, എഐ നിർമിതം, മാധ്യമങ്ങൾക്ക് ഉളുപ്പ് വേണം’; റേഞ്ച് റോവർ വിവാദത്തിൽ കെ.എം. ഷാജി


സുഹൃത്തിന്റെ വാഹനം കുറച്ചുകാലങ്ങളായി ഉപയോഗിച്ചുവരികയാണെന്നും, താൻ അഴീക്കോട് എം.എൽ.എ ആയിരുന്നപ്പോഴും ഈ വാഹനം ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചെന്തെങ്കിലും ചെയ്തുനൽകിയാലാണ് അത് കുറ്റമാകുന്നതെന്നും, എന്നാൽ പ്രത്യുപകാരം മോഹിച്ചല്ല പലരും പലതും ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ഗോസിപ്പ് വാർത്തകളാണെന്നും, ഈ പ്രചാരണങ്ങൾക്ക് പിന്നിൽ സി.പി.എം സൈബർ ടീമാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ജാഗ്രതക്കുറവും ധാർമ്മികതയും മാത്രമാണ് പ്രശ്നമെങ്കിൽ ഭാവിയിൽ അതൊക്കെ ശ്രദ്ധിക്കുമെന്നും ഔദ്യോഗിക വാഹനത്തിൽ എത്തി മാധ്യമങ്ങളെ കണ്ടുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.  

അതേസമയം, താന്‍ റേഞ്ച് റോവറില്‍ ചാരി നില്‍ക്കുന്ന ചിത്രം വ്യാജമെന്നും കെ.എം.ഷാജി. മന്ത്രി സഞ്ചരിക്കുന്നതാണ് മന്ത്രിവാഹനം. മന്ത്രിവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ മന്ത്രിയാകില്ലെന്നും ഷാജി. ചെയ്ത കാര്യങ്ങളിലെല്ലാം തനിക്ക് ക്ലാരിറ്റിയുണ്ട്. പ്രവര്‍ത്തകര്‍ക്ക് വിഷമം ഉണ്ടായത് മാത്രമാണ് പ്രശ്നമെന്നും ഷാജി വിശദീകരിച്ചു. 

ENGLISH SUMMARY:

Minister K.M. Shaji has responded to the controversy surrounding his use of a friend’s private luxury vehicle for official purposes. Speaking at a press conference in Kozhikode, Shaji said there was nothing wrong with using a private vehicle for official government work and that he had acted entirely in accordance with the rules. He challenged his critics, saying that the rules would first have to be changed if he were to be held guilty.