AI Generated representing picture
എയര്‍ കാനഡ വിമാനത്തില്‍ നടന്നത് യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന സംഭവം. സുഗമമായ 40 മിനിറ്റ് പറക്കലിനു പിന്നാലെ വിമാനം ആടിയുലയാന്‍ തുടങ്ങി. കോക്ക്പിറ്റില്‍ നിന്നും നിലവിളികളും മുരള്‍ച്ചയും ബഹളവും. പാടില്ലാത്തതെന്തോ സംഭവിച്ചെന്ന് യാത്രക്കാര്‍ക്കെല്ലാം ബോധ്യപ്പെട്ടു.
ന്യൂവർക്ക് ലിബർട്ടി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 61 യാത്രക്കാരുമായി ഹാലിഫാക്സിലേക്ക് പോവുകയായിരുന്ന എയർ കാനഡ ഫ്ലൈറ്റ് 7664ലെ യാത്രക്കാരാണ് മഹാദുരന്തം മുന്‍പില്‍ കണ്ടത്. ക്യാപ്റ്റന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. അപസ്മാരമെന്നാണ് പുറത്തുവരുന്ന വിവരം. വിമാനം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ തോന്നിയെന്ന് യാത്രക്കാരന്‍ റോഡ്നി മക്ഡൊണാള്‍ഡ് എബിസി ന്യൂസിനോട് പറഞ്ഞു.
വിമാനം നിയന്ത്രിക്കുന്ന കണ്‍ട്രോളുകളില്‍( ഡാഷ് ബോര്‍ഡ്) തട്ടി പൈലറ്റ് അക്രമാസക്തനായതോടെ വിമാനം വശങ്ങളിലേക്ക് ചരിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എയര്‍ഹോസ്റ്റസുമാര്‍ കോക്ക്പിറ്റിലേക്ക് പാഞ്ഞു. പിന്നാലെ ക്യാപ്റ്റനെ കോക്ക്പിറ്റില്‍ നിന്നും വലിച്ചിഴച്ച് എയര്‍ഹോസ്റ്റസുമാര്‍ ഇടനാഴിയിലേക്ക് മാറ്റിയെങ്കിലും നിയന്ത്രിക്കാനായില്ല. ഇതിനിടെ പൈലറ്റ് വിമാനത്തിന്റെ ജനലുകളിലും വാതിലുകളിലും ചവിട്ടി ആക്രോശിച്ചുകൊണ്ടേയിരുന്നുവെന്നും റോഡ്മി പറയുന്നു.
അമാനുഷിക ശക്തിയോടെയായിരുന്നു പൈലറ്റിന്റെ പെരുമാറ്റമെന്നും നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ടെന്നും യാത്രക്കാരന്‍ പറയുന്നു. പിന്നാലെ ഫ്ലൈറ്റ് അറ്റന്‍ഡന്റും നഴ്സും യാത്രക്കാരും ചേര്‍ന്ന് അക്രമകാരിയെപ്പോലെ പെരുമാറിയ പൈലറ്റിനെ സീറ്റ് ബല്‍റ്റുകള്‍ ഉപയോഗിച്ച് കെട്ടിയിട്ടു. സീറ്റ്ബെല്‍റ്റുകള്‍ ഉപയോഗിച്ച് നെഞ്ചും കൈകളും കാലുകളും കെട്ടിവരിഞ്ഞാണ് വലിയൊരു ദുരന്തത്തില്‍ നിന്നും വിമാനത്തെ രക്ഷിച്ചത്. മരണം മുന്നില്‍ക്കണ്ടുറപ്പിച്ച നിമിഷങ്ങളായിരുന്നു അതെന്നും യാത്രക്കാര്‍ പറയുന്നു.
ഈ സമയം സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബോസ്റ്റണ്‍ ലോഗന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. ക്യാപ്റ്റന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് എന്ന് വിമാനക്കമ്പനി പ്രസ്താവനയിറക്കി. ക്യാപ്റ്റനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ക്യാപ്റ്റന്‍ ഇല്ലാതെയും പൈലറ്റുമാര്‍ക്ക് വിമാനം സുരക്ഷിതമായി നിലത്തിറക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.