Image Credit:X/aviationbrk
ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്‍റെ കാബിന്‍ വിന്‍ഡോ തകര്‍ന്ന് യാത്രക്കാരന് പരുക്കേറ്റു. ഗ്രീസില്‍ നിന്നും ജര്‍മനിയിലേക്ക് പോയ റയാനെയ്ര്‍ ഫ്ളൈറ്റിലാണ് അപകടം. അപകടത്തെ തുടര്‍ന്ന് ബോയിങ് 737 വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറക്കലിനിടെ യാത്രക്കാരന്‍ ഇരുന്ന ഭാഗത്തെ വിന്‍ഡോ തകര്‍ന്നതാണ് അപകടമുണ്ടാക്കിയത്. അപകടത്തിലായ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓക്സിജന്‍ മാസ്കുകള്‍ താഴേക്ക് ചാടിക്കിടക്കുന്നതും കാബിന്‍ വിന്‍ഡോ തകര്‍ന്നിരിക്കുന്നതും വിഡിയോയില്‍ കാണാം.
'അപകടമുണ്ടായപ്പോള്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. പെട്ടെന്ന് വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിക്കുന്നത് പോലെ ശബ്ദം കേട്ടു. ആളുകള്‍ അലറി വിളിച്ചുവെന്നും ആരെങ്കിലും എമര്‍ജന്‍സി വിന്‍ഡോ തുറന്നതാണെന്നാണ് കരുതിയതെന്നും യാത്രക്കാരിലൊരാള്‍ പ്രതികരിച്ചു. സെര്‍ബിയയില്‍ നിന്നുള്ള വിനോദസഞ്ചാരിയാണ് അപകടത്തില്‍പ്പെട്ടതെന്നും ഇദ്ദേഹം ഇരുന്ന ഭാഗത്തെ വിന്‍ഡോയാണ് തകര്‍ന്നതെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. യാത്രക്കാരന്‍റെ തലയും തോള്‍ ഭാഗവും വിന്‍ഡോയുടെ പുറത്തേക്ക് പോയെന്നും സീറ്റ് ബെല്‍റ്റിട്ടിരുന്നതിനാല്‍ മറ്റ് അപകടം സംഭവിച്ചില്ലെന്നും തല പുറത്തേക്ക് പോയത് കണ്ട മറ്റ് യാത്രക്കാര്‍ ബലമായി പിടിച്ച് അകത്തേക്ക് കയറ്റിയെന്നും ദൃക്സാക്ഷി വിശദീകരിച്ചു.
നോര്‍ത്ത് മാസിഡോണിയയ്ക്ക് മുകളില്‍ വച്ചാണ് അപകടമുണ്ടായതെന്നും വിമാനത്തിന്‍റെ എന്‍ജിനില്‍ നിന്ന് തെറിച്ച വസ്തുക്കളിലെന്തോ പതിച്ച് വിന്‍ഡോ തകര്‍ന്നതാണെന്നും ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടമുണ്ടായ വിവരം റയാനെയ്റും സ്ഥിരീകരിച്ചിട്ടുണ്ട്. 'പാസഞ്ചര്‍ വിന്‍ഡോ വേര്‍പെട്ടതിനെ തുടര്‍ന്ന് ജര്‍മനിയിലേക്ക് പുറപ്പെട്ട വിമാനം തെസലോനികിയില്‍ തിരിച്ചിറക്കി. യാത്രക്കാരെ സുരക്ഷിതരായി വിമാനത്താവളത്തിലിറക്കി. പകരം മറ്റൊരു വിമാനത്തില്‍ ഇവരെ ലക്ഷ്യസ്ഥാനത്തെത്തിച്ചു'- എന്നും വിശദീകരണത്തില്‍ പറയുന്നു.
അതേസമയം, അപകടത്തില്‍ പരുക്കേറ്റ വിനോദസഞ്ചാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.