ഗൾഫ് മേഖലയിൽ ഏത് സാഹചര്യമാണെങ്കിലും ലുലു ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നതിൽ ഒരു മാറ്റവുമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കൈയ്യിൽ പണമില്ലാത്ത സാഹചര്യം വന്നാൽ പോലും ബാങ്ക് വായ്പ എടുത്താണെങ്കിലും ശമ്പളം നൽകുന്നത് തുടരുമെന്ന് ഫുജൈറയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നാട്ടിലുള്ള ജീവനക്കാരുടെ കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്താതെ ഈ ഘട്ടത്തിലും മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ സമയത്ത് താന്‍ ബാങ്കിൽ നിന്ന് എടുത്തിട്ടാണ് ശമ്പളം കൊടുത്തതെന്നും ഈ സമയത്തു പതറാതെ നിൽക്കുന്നതാണ് തങ്ങളുടെ കടമയെന്നും യൂസഫലി പറഞ്ഞു. ‘എന്‍റെ സ്റ്റാഫുകള്‍, സഹപ്രവര്‍ത്തകര്‍ അവര്‍ സാധനങ്ങള്‍ കസ്റ്റമേഴ്സിന് സമയത്ത് നല്‍കുന്നപോലെ എന്‍റെ ഉത്തരവാദിത്തമാണ് എന്റെ സഹപ്രവർത്തകർക്ക് ശമ്പളം കൃത്യമായി കൊടുക്കുക എന്നുള്ളത്. കൊറോണ സമയത്ത് പല കമ്പനികളും ശമ്പളം കുറച്ചു എന്‍റെ സഹപ്രവർത്തകർക്ക് ഒരു പൈസ പോലും ഞാൻ കുറച്ചിട്ടില്ല, കുറയ്ക്കുകയുമില്ല. ഈ പ്രതിസന്ധിയിലും സമയത്ത് ശമ്പളം കിട്ടും. അതിൽ ഒരു ഒരു വ്യത്യാസവും ഉണ്ടാവില്ല’– യൂസഫലി പറയുന്നു.
‘ഞങ്ങളുടെ കയ്യിൽ ഈ സമയത്ത് കാശ് ഇല്ലാത്ത സ്ഥിതി ആണെങ്കിൽ ബാങ്കിൽ നിന്ന് എടുക്കും. കൊറോണ സമയത്ത് ഞാൻ ബാങ്കിൽ നിന്ന് എടുത്തിട്ടാണ് ശമ്പളം കൊടുക്കുന്നത്. കാരണം അവരുടെ കുടുംബം അതിനുവേണ്ടി കാത്തിരിക്കുകയാണ്. കുട്ടികൾക്ക് പഠിക്കാൻ, മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാൻ, കുടുംബം പുലർത്താൻ എല്ലാറ്റിനും ശമ്പളത്തിനായി അവരുടെ കുടുംബം കാത്തിരിക്കുകയാണ്. എന്റെ സഹപ്രവർത്തകർ ഉറ്റു നോക്കുന്നത് ആ മാസാമാസം ഉള്ള ശമ്പളമാണ്. ഇനിയെന്ത് പ്രശ്നം ഉണ്ടായാലും ആ ശമ്പളം ഒരു കുറവും വരുത്താതെ അവർക്ക് ഞാൻ കൊടുക്കും. എല്ലാവരേയും ഇത് ഞാന്‍ അറിയിച്ചിട്ടുണ്ട്’– യൂസഫലി വ്യക്തമാക്കി.