Image: Hormuz, AP
ഹോര്‍മുസ് കടലിടുക്ക് താമസമില്ലാതെ തുറക്കണമെന്ന ആവശ്യമുയര്‍ത്തി ഇന്ത്യ. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതോടെ സംഘര്‍ഷഭരിതമായ ഈ കടലിടുക്കില്‍ ജീവന്‍ നഷ്ടമായ ഏകരാജ്യം ഇന്ത്യയാണെന്നും രാജ്യാന്തരതലത്തില്‍ ന്യൂഡല്‍ഹി ചൂണ്ടിക്കാട്ടുന്നു. യുദ്ധസാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ബഹുരാഷ്ട്രയോഗത്തിലാണ് ഇന്ത്യ രാജ്യത്തിനുണ്ടായ നഷ്ടത്തിന്‍റെ ആഴം ബോധ്യപ്പെടുത്തിയത്.
ഹോര്‍മുസിലൂടെ സുരക്ഷിതമായതും സൗജന്യമായതുമായ പാത അത്യന്താപേക്ഷിതമാണെന്നും ഇന്ത്യന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് യോഗത്തിൽ ഇന്ത്യന്‍ ആശങ്കകള്‍ പങ്കുവച്ചത്. ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് നാവികരെ നഷ്ടപ്പെട്ടെന്ന് 60ലേറെ രാജ്യങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ മിസ്രി പറഞ്ഞു.
മൂന്ന് ഇന്ത്യന്‍ നാവികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്നും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്നും മിസ്രി പറയുന്നു. യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത ഇന്ത്യയുടെ ഊര്‍ജമേഖലയേയും മോശമായി ബാധിക്കുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകളും ചര്‍ച്ചകളും മാത്രമാണ് പരിഹാരമെന്നും മിസ്രി. ഗതാഗത സ്വാതന്ത്ര്യം പുസസ്ഥാപിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെര്‍ച്വല്‍ യോഗത്തിലാണ് ഹോര്‍മുസ് ഉള്‍പ്പെടെയുള്ള യുദ്ധവിഷയങ്ങള്‍ ചര്‍ച്ചയായത്.
ഏകദേശം പത്ത് ദശലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നുണ്ടെന്നും ഇവരെല്ലാം നിലവില്‍ സുരക്ഷിതരാണെന്നും മിസ്രി പറയുന്നു. ഹോര്‍മുസില്‍ മൂന്നുപേരുള്‍പ്പെടെ ഇതുവരെ എട്ട് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഈ യുദ്ധത്തിനിടെ ജീവന്‍ നഷ്ടമായി. എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഗള്‍ഫിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറയുന്നു.