Israeli authorities inspect a damaged house following an Iranian missile strike in Haifa, Israel, Monday, March 30, 2026. (AP Photo/Ariel Schalit)
ഇറാനെ ബോംബിട്ട് ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, ടെഹ്റാനില്‍ ആക്രമണം കടുപ്പിച്ച് യുഎസും ഇസ്രയേലും. ടെഹ്റാനിലെ നൂറ്റാണ്ട് പഴക്കമുള്ള മെഡിക്കൽ ഗവേഷണ കേന്ദ്രം, പാലം, സ്റ്റീൽ പ്ലാന്റുകൾ എന്നിവയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ടെല്‍ അവീവില്‍ ആക്രമണം നടത്തിയെന്നും ഇസ്രായേല്‍ സൈന്യത്തിന് നാശമുണ്ടാക്കിയെന്നും ഇറാന്‍ അവകാശപ്പെട്ടു.
ശത്രുക്കളുടെ അപമാനകരമായ കീഴടങ്ങല്‍ വരെ യുദ്ധം തുടരുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പും നടന്നുകൊണ്ടിരിക്കുമ്പോഴും ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും മിസൈൽ ആക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി.
ടെൽ അവീവിലും ദോഹയിലും ദുബായിലുമാണ് മുന്നറിയിപ്പുകള്‍ വന്നത്. ഇന്നലെ രാവിലെ ഇസ്രയേലിലേക്ക് തുടർച്ചയായ മിസൈൽവർഷമാണ് ഇറാൻ നടത്തിയത്. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദിയുടെ കിഴക്കൻ മേഖലയിലും ആക്രമണമുണ്ടായി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങളും ലക്ഷ്യമിടുമെന്നു ഇറാൻ സേന മുന്നറിയിപ്പു നൽകി.
കരയുദ്ധത്തിന് യുഎസ് തയാറായെത്തിയാല്‍ നേരിടാൻ 70 ലക്ഷം ഇറാൻകാർ സജ്ജരാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് അറിയിച്ചു. സൈന്യത്തിൽ ചേരാൻ ആഹ്വാനം ചെയ്തു വലിയ പ്രചാരണം സർക്കാർ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. വിരമിച്ച സൈനികരുടെ സേവനവും തേടിയിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സിൽ കുട്ടികളെ ചേർക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
ഇറാനിൽ യുഎസ് സേന ഇറങ്ങിയാൽ, ഒരൊറ്റ സൈനികനും ജീവനോടെ മടങ്ങിപ്പോവില്ലെന്ന് ഇറാൻ കരസേനാ മേധാവി മേജർ ജനറൽ അമീർ ഹാത്തമി പറഞ്ഞു. ഇറാന്റെ ഏറ്റവും കരുത്തുള്ള ആയുധങ്ങൾ ഇനിയും പുറത്തെടുത്തിട്ടില്ലെന്നും രാജ്യത്തിനു രഹസ്യ ആയുധശേഖരവും ആയുധ ഫാക്ടറിയും ഉണ്ടെന്നും ഇറാൻ സായുധസേനാ വക്താവ് പറഞ്ഞു. ‘നിങ്ങൾ ബോംബിട്ടു തകർത്ത കേന്ദ്രങ്ങൾ അപ്രധാനങ്ങളാണ്. നിങ്ങൾക്കറിയാത്ത കേന്ദ്രങ്ങളിലാണ് ഞങ്ങളുടെ ആയുധങ്ങൾ നിർമിക്കുന്നത്–സേനാ വക്താവ് ലഫ് കേണൽ ഇബ്രാഹിം ദുൽഫഹാരി പറഞ്ഞു.
അതിനിടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഊർജവിതരണം പുനരാരംഭിക്കാനുള്ള വഴികൾ തേടി നിരവധി രാജ്യങ്ങൾ രംഗത്തെത്തി. ഇറാനെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ എണ്ണവില വീണ്ടും ഉയര്‍ന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകളുടെ ഗതാഗതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് ബഹ്‌റൈൻ അവതരിപ്പിച്ച പ്രമേയം യു.എന്‍ രക്ഷാസമിതി ഇന്ന് വോട്ടിനിടും.
കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രതിരോധ മാർഗങ്ങളും പ്രയോഗിക്കാൻ അംഗരാജ്യങ്ങൾക്ക് അനുമതി നൽകുന്നതാണ് പ്രമേയത്തിലെ പ്രധാന വ്യവസ്ഥ. ഗൾഫ് രാജ്യങ്ങളുടെയും അമേരിക്കയുടെയും ശക്തമായ പിന്തുണയോടെയാണ് ബഹ്‌റൈൻ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, സൈനിക നടപടിക്ക് അനുമതി നൽകുന്നതിനെ ചൈന ശക്തമായി എതിർത്തു. റഷ്യയും ഫ്രാൻസും പ്രമേയത്തിലെ വ്യവസ്ഥകളിൽ എതിർപ്പ് രേഖപ്പെടുത്തിയതോടെയാണ് അന്തിമ തീരുമാനത്തിനായി വോട്ടെടുപ്പ് വേണ്ടിവന്നത്.