ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും ഞായറാഴ്ച ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമാകും. ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സവിശേഷതകളെ ലോകജനതക്ക് പരിചയപ്പെടുത്തുക എന്നതാണ് മേളയുടെ ലക്ഷ്യം. ആയുഷ് മന്ത്രാലയത്തിന്റെയും, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെയും സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറവും, ആയുർവേദ ഫൗണ്ടേഷനും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.
'മൈൻഡ്-ബോഡി ഹെൽത്ത്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 35 രാജ്യങ്ങളിൽ നിന്നുള്ള 1500 ലധികം പ്രതിനിധികളും 31 ഓളം പ്രഭാഷകരും പങ്കെടുക്കും. ആയുഷ് ആശുപത്രികൾ, ഗവേഷണ സ്ഥാപനങ്ങൾ, മരുന്ന് നിർമ്മാതാക്കൾ എന്നിവർക്കായി 45-ൽ അധികം പ്രദർശന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പമുള്ള ഷോർട്ട് ഫിലിം ഫെസ്റ്റിവലിലൂടെ ആയുഷ് ചികിത്സാ രീതികളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകും.
വിട്ടുമാറാത്ത രോഗങ്ങളുടെ പ്രതിരോധം മുൻനിർത്തിയുള്ള ആഗോള ചർച്ചകളും സമ്മേളനത്തിൽ നടക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഗ്രീൻ മെഡിസിൻ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാനുള്ള ചർച്ചകൾക്കും ദുബായ് വേദിയാകും. മേഖലയിലെ പ്രമുഖ വിദഗ്ധരും നയരൂപകർത്താക്കളും പങ്കെടുക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ-വ്യാപാര സാധ്യതകളും പരിശോധിക്കും. പ്രവേശനം സൗജന്യമായ മേളയിലേക്ക് അരലക്ഷത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പരമ്പരാഗത ചികിത്സാ രംഗത്തെ നൂതന ഗവേഷണങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള സുപ്രധാന വേദിയായി ഈ കോൺഫറൻസ് മാറും.