കോരിച്ചൊരിയുന്ന മഴത്തുള്ളികളും പച്ചപ്പും തണുപ്പും ഒക്കെയായി ചുറ്റുമുള്ളതെല്ലാം ഒരു മനോഹരമായ ചിത്രം പോലെയാണ് മഴക്കാലത്ത്. എന്നാൽ നമ്മുടെ ചർമത്തിന്റെ കാര്യത്തിലും ഇതേ രീതിയിൽ പറയാൻ സാധിക്കുമോ? അന്തരീക്ഷത്തിലെ ഈർപ്പം ചർമത്തെ ആകെ താറുമാറാക്കിയതിന്‍റെ സങ്കടത്തിലാണോ? മഴക്കാലത്ത് ശരീരത്തിലെ ദോഷങ്ങളുടെ അസന്തുലിതാവസ്ഥ മുഖക്കുരു, ചിരങ്ങ്, ഡെർമറ്റൈറ്റിസ്, പ്രധാനമായും ഫംഗസ് അണുബാധകൾ തുടങ്ങിയ ചർമപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ മഴക്കാലത്തെ ചർമസംരക്ഷണത്തിനായുള്ള സമഗ്രമായ ആയുർവേദ സമീപനത്തിന്റെ ആദ്യപടി ചർമത്തിന്റെ സ്വഭാവം (വാതം, പിത്തം, കഫം) തിരിച്ചറിയുക എന്നതാണ്.
വാതം: കാറ്റുള്ളതോ വരണ്ടതോ ആയ കാലാവസ്ഥയിൽ ചർമത്തിൽ തിണർപ്പുകൾ ഉണ്ടാകാൻ സാധ്യതയുള്ള, വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ, തൊടുമ്പോൾ തണുപ്പ് അനുഭവപ്പെടുന്ന ചർമം വാത വിഭാഗത്തിൽ പെടുന്നു.
പിത്തം: ചർമത്തിൽ കുരുക്കൾ വരുക, ചൂടുള്ള കാലാവസ്ഥയോ ഭക്ഷണമോ താങ്ങാൻ കഴിയാതിരിക്കുക, വെയിൽ അടിക്കുമ്പോൾ അസ്വസ്ഥത ഉണ്ടാവുക, കൂടുതൽ പാടുകളും മറുകുകളും ഉണ്ടാവുക എന്നിവയാണ് പിത്ത ചർമത്തിന്റെ ലക്ഷണങ്ങൾ.
കഫം: കഫം പ്രകൃതിയുള്ള ചർമം കട്ടിയുള്ളതും എണ്ണമയമുള്ളതുമായിരിക്കും, കൂടാതെ വെയിലിനെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതുമായിരിക്കും. ഇവ മൂന്നും കൂടാതെ, ഇവയുടെ മിശ്രിതമായ 'കോമ്പിനേഷൻ' ചർമവും ഉണ്ടാകാം. വാത-പിത്തം (വരണ്ടതും സെൻസിറ്റീവുമായ ചർമം), കഫ-പിത്തം (എണ്ണമയമുള്ളതും സെൻസിറ്റീവുമായ ചർമം) അല്ലെങ്കിൽ വാത-കഫം (ചില ഭാഗങ്ങളിൽ വരണ്ടതും ചിലയിടങ്ങളിൽ എണ്ണമയമുള്ളതുമായ ചർമം). ദൈനംദിന ചർമ്മസംരക്ഷണത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ചർമത്തിന് ഉന്മേഷവും തിളക്കവും നൽകാൻ സഹായിക്കും. മഴക്കാലത്ത് ചർമം സംരക്ഷിക്കുന്നതിനുള്ള ചില പ്രധാന ആയുർവേദ നുറുങ്ങുകളും പ്രതിവിധികളും താഴെ പറയുന്നവയാണ്:
സന്തുലിത ഭക്ഷണം (Balanced Diet)
ധാരാളം പഴങ്ങളും പച്ചക്കറികളും, ശരീരത്തിന് ചൂടും ജലാംശവും നൽകുന്ന ഭക്ഷണങ്ങളും, പ്രത്യേകിച്ച് നട്സും അവയുടെ എണ്ണകളും (ബദാം, വാൽനട്ട്, സോയാബീൻ ഓയിൽ തുടങ്ങിയവ) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മഴക്കാലത്ത് ശരീരത്തിലെ 'അഗ്നി' അല്ലെങ്കിൽ ദഹനശക്തി ദുർബലമായിരിക്കുമെന്നതിനാൽ ലഘുവായ ഭക്ഷണം കഴിക്കുക. ദഹനക്കേട് പലവിധ ചർമപ്രശ്നങ്ങൾക്കും അണുബാധകൾക്കും കാരണമായേക്കാം. കുരുമുളക്, നെയ്യ്, നെല്ലിക്ക, ഇഞ്ചി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വറുത്തതും, എരിവുള്ളതും, തണുത്തതും, പ്രിസർവേറ്റീവുകൾ ചേർത്തതുമായ ഭക്ഷണങ്ങളും, തക്കാളി, വിനാഗിരി, സിട്രസ് പഴങ്ങൾ തുടങ്ങിയ പുളിയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. രാവിലെയുള്ള ചായയോ കാപ്പിയോ ഒഴിവാക്കി ഏലയ്ക്ക, തുളസി, ഇഞ്ചി, കറുവപ്പട്ട എന്നിവയടങ്ങിയ ഹെർബൽ ചായകൾ കുടിക്കുക. ചൂടുള്ള സൂപ്പുകൾ, സ്റ്റൂ, പരിപ്പ് വർഗ്ഗങ്ങൾ, കറികൾ, ഹെർബൽ ചായകൾ, ചോറ് എന്നിവ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക. ദിവസവും കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചോ അല്ലെങ്കിൽ ബീറ്റ്റൂട്ട്, വെള്ളരിക്ക, കാരറ്റ് ജ്യൂസ് എന്നിവ കഴിച്ചോ ചർമത്തിൽ ജലാംശം നിലനിർത്തുക.
എണ്ണ തേക്കല്‍
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം കാരണം ചർമത്തിലെ സുഷിരങ്ങൾ തുറക്കുന്നു. ഇത് ആയുർവേദ മരുന്നുകളും എണ്ണ മസാജുകളും ചർമ്മത്തിലേക്ക് വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഹെർബൽ ഓയിൽ മസാജുകൾ ചർമത്തിലെ ഈർപ്പം കാരണം ഉണ്ടാകുന്ന ഫംഗസ്, ബാക്ടീരിയൽ അണുബാധകളെ തടയും. വേപ്പെണ്ണയും എള്ളെണ്ണയും ഒരുമിച്ച് കലർത്തി 15 മിനിറ്റ് ചർമത്തിൽ പതുക്കെ മസാജ് ചെയ്യുക. പിണ്ഡതൈലം, ബാലാശ്വഗന്ധാദി കുഴമ്പ്, ധന്വന്തരം കുഴമ്പ് തുടങ്ങിയ മറ്റ് ആയുർവേദ എണ്ണകളും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം ചെറുചൂടുവെള്ളത്തിൽ കുളിക്കുക. ഈ രീതി ആഴ്ചയിൽ ഒരിക്കലെങ്കിലും ചെയ്യുക.
ഓർഗാനിക് രീതികൾ ശീലിക്കുക
ആൽക്കഹോൾ അടങ്ങിയ സ്കിൻ ക്ലെൻസറുകളോ സോപ്പുകളോ ഉപയോഗിക്കുന്നത് ചർമം വരണ്ടതാക്കാനും ചൊറിച്ചിൽ ഉണ്ടാക്കാനും കാരണമാകും, അതിനാൽ അവ ഒഴിവാക്കുക. സോപ്പിന് പകരം ചെറുപയർ പൊടി പോലുള്ള പ്രകൃതിദത്ത കൂട്ടുകൾ ഉപയോഗിക്കുക. ഒരു സ്വാഭാവിക ക്ലെൻസർ തയ്യാറാക്കാൻ രണ്ട് ടേബിൾസ്പൂൺ കടലമാവ്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ചർമത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം നന്നായി കഴുകിക്കളയുക. മുഖക്കുരു ചികിത്സിക്കാൻ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുക. ചർമത്തിന് പ്രകൃതിദത്തമായ ഉന്മേഷവും ഈർപ്പവും നൽകാൻ റോസ് വാട്ടർ അനുയോജ്യമാണ്. കാലുകൾ നന്നായി സ്ക്രബ് ചെയ്യാൻ പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കാൽ നന്നായി തുടച്ച് ഉണക്കുക, പ്രത്യേകിച്ച് വിരലുകൾക്കിടയിലുള്ള ഭാഗം. അതിനുശേഷം ലെമൺഗ്രാസ് അല്ലെങ്കിൽ ടീ ട്രീ ഓയിൽ അടങ്ങിയ ഫൂട്ട് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യാം.
ഈർപ്പമില്ലാതെ സൂക്ഷിക്കുക
ചർമത്തിൽ കൂടുതൽ സമയം വെള്ളം തങ്ങിനിൽക്കാൻ അനുവദിക്കരുത്, ഇത് ഫംഗസ് അണുബാധകൾക്കും രോഗങ്ങൾക്കും കാരണമാകും. ചർമം മടങ്ങുന്ന ഭാഗങ്ങൾ വൃത്തിയായും ഉണക്കിയും സൂക്ഷിക്കുക, കാരണം ഇവിടെ അണുബാധകൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കുറച്ച് വേപ്പിലയോ ത്രിഫലയോ ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം ചർമം വൃത്തിയാക്കാൻ ഉപയോഗിക്കുക, ഇത് ഫംഗസ് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കും.
വീട്ടുവൈദ്യങ്ങൾ
ചർമത്തിലെ സ്വാഭാവിക എണ്ണ ഉൽപ്പാദനം നിലനിർത്താൻ ദിവസത്തിൽ രണ്ടോ മൂന്നോ തവണ മുഖം കഴുകുക. ചെറുപയർ പൊടിയും കടലപ്പൊടിയും തുല്യ അളവിൽ എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് പേസ്റ്റ് ഉണ്ടാക്കി മുഖം വൃത്തിയാക്കുക. സ്ഥിരം ഫേസ് വാഷിന് പകരം ദിവസവും രണ്ടുതവണ ഈ പേസ്റ്റ് ഉപയോഗിച്ച് മുഖം കഴുകുക. കറ്റാർവാഴയും തേനും കലർത്തിയതും നല്ലൊരു ക്ലെൻസറാണ്. പപ്പായ, പാൽ, തേൻ എന്നിവ ചേർത്ത് പേസ്റ്റ് ഉണ്ടാക്കിയും മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം നന്നായി കഴുകിക്കളയുക. ഒരു പ്രകൃതിദത്ത ഫേസ് പാക്കിനായി വേപ്പില തേൻ ചേർത്ത് അരച്ച് മുഖത്തും കഴുത്തിലും പുരട്ടുക. ഇത് ചർമത്തിൽ ഇരുന്ന് പൂർണ്ണമായി ഉണങ്ങുന്നതിന് മുൻപ് കഴുകിക്കളയുക. കുളിക്കുന്നതിന് മുമ്പ് ശരീരത്തിൽ തേനും തൈരും പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് ചർമത്തിന് ഈർപ്പം നൽകാൻ വളരെ മികച്ചതാണ്.
രക്തം ശുദ്ധീകരിക്കുന്നതിനായി ദിവസവും രാവിലെ വെറുംവയറ്റിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ കഴിക്കാം. കറ്റാർവാഴ ജെല്ലിന് പ്രായമാകലിനെ തടയുന്നതിനും അണുക്കളെ നശിപ്പിക്കുന്നതിനും വീക്കം തടയുന്നതിനുമുള്ള ഗുണങ്ങളുള്ളതിനാൽ ഇത് ചർമത്തിൽ പുരട്ടുന്നതും നല്ലതാണ്. റോസ് വാട്ടറും ഗ്ലിസറിനും ഒരുമിച്ച് കലർത്തി പുരട്ടുന്നത് ചർമത്തെ മൃദുവായും ഈർപ്പമുള്ളതായും നിലനിർത്താൻ സഹായിക്കും. ചന്ദനം, ചെറുപയർ പൊടി, മഞ്ഞൾ എന്നിവ മിക്സ് ചെയ്ത് ഫേസ് മാസ്ക് ആയി ഉപയോഗിക്കുക. ഇത് ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും മങ്ങൽ മാറ്റാനും മികച്ചതാണ്.