മാധ്യമ സ്വാതന്ത്ര്യത്തില്‍ കേരളം മാതൃകയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11–ാം രാജ്യാന്തര മാധ്യമ സെമിനാറില്‍ സംസാരിക്കവേയാണ് അദ്ദേഹം കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് വാചാലനായത്. കേരളം പലരംഗങ്ങളിലും മുന്നിട്ടും വേറിട്ടും നില്‍ക്കുന്നത് മാധ്യമങ്ങള്‍ നല്‍കിയ സംഭാവനകള്‍ കൊണ്ടാണെന്നും ഇത്രയും ചടുലവും തീവ്രവുമായ രീതിയില്‍ മാധ്യമസംവിധാനം മറ്റെവിടെയെങ്കിലുമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമസ്വാതന്ത്ര്യം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും ഇന്ത്യയില്‍ ആയാലും വിദേശ രാജ്യങ്ങളിലായാലും അത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന ആ അവകാശം മെല്ലെ മെല്ലെ ഇല്ലാതായി വരികയാണെന്നും എംപി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും എന്നാല്‍ നിയന്ത്രണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെ കുറിച്ചും എന്തും പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മാറിയെന്നും നിയന്ത്രണത്തിനുള്ള സാഹചര്യം വന്നില്ലെങ്കില്‍ ഗുരുതരമാകും കാര്യങ്ങളെന്നും പ്രേമചന്ദ്രന്‍ വിശദീകരിച്ചു.
മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ നീതിബോധമായി എന്നും നിലനില്‍ക്കണമെന്നായിരുന്നു ചടങ്ങില്‍ സംസാരിക്കവേ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടത്. ഭരിക്കുന്നവര്‍ക്ക് അപ്രിയമായ വാര്‍ത്തകള്‍ നല്‍കുന്നവരെ ഉന്‍മൂലനം ചെയ്യുന്ന പ്രവണതയുണ്ടെന്നും ഏകാധിപത്യ പ്രവണതകള്‍ നിലനില്‍ക്കുന്നിടത്ത് സമൂഹത്തെ നേരെ നടത്താനും ജനക്ഷേമത്തിന് വേണ്ടി നിലകൊള്ളാനും മാധ്യമങ്ങള്‍ തയാറാവണമെന്നും എംപി കൂട്ടിച്ചേര്‍ത്തു. ഐപിസിഎന്‍എ രണ്ട് പതിറ്റാണ്ടായി പടര്‍ന്ന് പന്തലിച്ചിട്ടും പിളരാതിരിക്കുന്നതിന്‍റെ രഹസ്യം തനിക്ക് പിടികിട്ടിയെന്നും എംപി സരസമായി പറഞ്ഞു. എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും ഭാരവാഹികള്‍ മാറുമെന്നും മാറുന്നവര്‍ക്ക് അഡ്വൈസറി ബോര്‍ഡില്‍ വലിയ പദവികളുണ്ടെന്നും അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമാണെന്നുമാണ് ആ രഹസ്യമെന്നായിരുന്നു എംപിയുടെ കണ്ടെത്തല്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ മാര്‍ഗം പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളത്തോടും മലയാള മാധ്യമപ്രവർത്തനത്തോടും ഇത്ര സ്നേഹവും മമതയും പുലർത്തുന്ന യുഎസിലെ മലയാളി കൂട്ടായ്മയായ ഐപിസിഎൻഎക്ക് നന്ദി അറിയിക്കുന്നതായി മനോരമ ന്യൂസ് ടിവി ഡയറക്ടർ ജോണി ലൂക്കോസ് പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് മാനേജിങ് ഡയറക്ടർ ഫാ. സിജോ പന്തപ്പള്ളിൽ, മാധ്യമ പ്രവർത്തകരായ അബ്ജോദ് വർഗീസ്, ഹാഷ്മി താജ് ഇബ്രാഹിം, സുജയാ പാർവതി, മോത്തി രാജേഷ്, ലീൻ ബി ജെസ്‌മസ് എന്നിവരും സെമിനാറില്‍ പങ്കെടുത്തു.
അതേസമയം, സംഘടനയുടെ കരുത്ത് എന്നത് അഡ്വൈസറി ബോര്‍ഡാണെന്നും സംഘടനയുടെ ചാലക ശക്തി തന്നെ ബോര്‍ഡാണെന്നും പ്രസിഡന്‍റ് സുനില്‍ ട്രൈസ്റ്റാര്‍ പറഞ്ഞു. പ്രസിഡന്‍റിന് എല്ലാ അര്‍ഥത്തിലും കരുത്തായ അഡ്വൈസറി ബോര്‍ഡിനെ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐപിസിഎൻഎ സെക്രട്ടറി ഷിജോ പൗലോസ്, വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ് ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ), കോൺഫറൻസ് ചെയർ സജി ഏബ്രഹാം , ഷോളി കുമ്പിളുവേലി, ഐപിസിഎൻഎ മുൻ ഭാരവാഹികൾ, അമേരിക്കയിലെ മാധ്യമപ്രവർത്തകർ എന്നിവരെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. മധു കൊട്ടാരക്കരയും മാത്യു വര്‍ഗീസും സജീവസാന്നിധ്യമായി.