നാലു ആണ്‍മക്കളെ നഷ്ടപ്പെട്ട പിതാവ് പിഞ്ചോമനകളുടെ ഓരോ കബറിടത്തിന് മുന്നിലും വിറയ്ക്കുന്ന കൈകളോടെ പ്രാര്‍ഥനയോടെ നില്‍ക്കുന്ന കാഴ്ച കണ്ടുനിന്നവരെയെല്ലാം കണ്ണീരണിയിച്ചു. ആ പിതാവിന്റേയും മാതാവിന്റേയും കണ്ണുകളില്‍ തോരാത്ത ഒരു കടലാണുള്ളത്. ജനുവരി മൂന്നിന് ഗാന്തൂത്തിലുണ്ടായ ആ മഹാദുരന്തത്തിൽ നാലു പുത്രന്മാരെയും നഷ്ടപ്പെട്ട അബ്ദുൽ ലത്തീഫ് എന്ന മലയാളി പിതാവിന്റെ വിലാപം ദുബായ് കണ്ട ഏറ്റവും വലിയ നോവായി മാറുന്നു.
മക്കളുടെ കബറിടത്തിന് മുന്നില്‍ അപകടത്തിന്റെ മുറിവുകളുമായി ചക്രക്കസേരയിലിരുന്ന് അൽ വർഖ ഗ്രാൻഡ് പള്ളിയിൽ അനുശോചനം സ്വീകരിക്കുമ്പോൾ മക്കളുടെ അവസാന മണിക്കൂറുകളെ കുറിച്ച് അദ്ദേഹം വിതുമ്പലോടെ ഓർത്തെടുത്തു. ഹത്തയിൽ കൂടാരമടിച്ച് രാത്രി അവിടെ കഴിയാനായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നാൽ മക്കൾക്ക് ലിവാ ഫെസ്റ്റിവൽ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവരുടെ സന്തോഷമല്ലേ വലുതെന്ന് കരുതി ഹത്തയിലെ കൂടാരങ്ങൾ മടക്കി ഞങ്ങൾ ലിവായിലേക്ക് വണ്ടി തിരിച്ചു. മടക്കയാത്രയിൽ സ്കൂളിൽ പോകാൻ അവരെ ഒരുക്കണമെന്ന കരുതലിലായിരുന്നു രാത്രി തന്നെ യാത്ര തുടങ്ങിയത്. എന്നാൽ ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നുപോയി- ലത്തീഫ് പറഞ്ഞു.
ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ കോഴിക്കോട് വടകര സ്വദേശി റുക്സാനയുടെയും മക്കളായ അഷാസ് (14), അമ്മാർ (12), അസാം (7), അയാഷ് (5) എന്നീ നാലു മക്കളും വീട്ടുജോലിക്കാരിയായ ബുഷ്റ(48)യുമാണ് കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അബുദാബി-ദുബായ് റോഡിൽ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
അബ്ദുൽ ലത്തീഫിനും റുക്സാനയ്ക്കും ഇവരുടെ ഏക മകൾ ഇസ്സയ്ക്കും പരുക്കേറ്റിരുന്നു. ഇതിൽ അബ്ദുൽ ലത്തീഫും ഇസ്സയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. റുക്സാന അബുദാബി അൽ ഷഖ്ബത് മെഡിക്കൽ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ മൃതദേഹം ദുബായ് മുഹൈസിന 2 ലെ അൽ ശുഹദ പള്ളി ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്.
അബ്ദുൽ ലത്തീഫിന്റെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരാൻ ഔദ്യോഗിക പദവികൾ മാറ്റിവെച്ച് ദുബായ് മുനിസിപ്പാലിറ്റിയിലെയും ദുബായ് പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തിയത് പ്രവാസി സമൂഹത്തിന് വലിയൊരു ആശ്വാസമായി. കേവലം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കുന്നതിനപ്പുറം, ആ പിതാവിന്റെ തോളിൽ കൈവച്ച് ആശ്വസിപ്പിച്ച ഉദ്യോഗസ്ഥരുടെ സാന്നിധ്യം ദുബായ് ഭരണകൂടം നൽകുന്ന കരുതലിന്റെ സാക്ഷ്യമായി.