തീർത്ഥാടന കർമ്മങ്ങൾ പൂർത്തിയാക്കി മക്കയിൽ നിന്ന് ആശ്വാസത്തോടെ മടങ്ങുകയായിരുന്നു കുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാര്‍. മദീനയിലേക്കുള്ള യാത്രക്കിടെ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചു. ഉറക്കത്തിലായിരുന്ന യാത്രക്കാര്‍ക്ക് സംഭവിക്കുന്നതെന്തെന്ന് ചിന്തിക്കാന്‍ പോലും അവസരമുണ്ടായില്ല, ഞൊടിയിടയില്‍ ബസ് തീഗോളമായി, അതിനിടെ ആ കൂട്ടനിലവിളി പോലും കൂടുതലാരും കേട്ടില്ല. 

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുമായി ഉംറയ്ക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സൗദിയിലെ പ്രാദേശിക മാധ്യമങ്ങളും ഇത് സ്ഥിരീകരിക്കുന്നു. മുഫ്‌രിഹത്തിനടുത്ത് പുലർച്ചെ 1.30യോടെയാണ് അപകടം സംഭവിച്ചത്. ബസ്സിലെ ഭൂരിഭാഗം യാത്രക്കാരും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കൃത്യമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അപകടത്തിൽപ്പെട്ടവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബസ് പൂര്‍ണമായും കത്തിക്കരിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുകയാണ്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൾ ഷൊയ്ബിന്റെ നില ഗുരുതരമായി തുടരുകയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ കാര്യങ്ങള്‍ ഏകോപ്പിക്കുകയാണ്. അതേസമയം റിയാദ് എംബസിയുമായി നിരന്തരം ബന്ധപ്പെടാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡല്‍ഹിയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

അപകടത്തിൽപ്പെട്ട തെലങ്കാന സ്വദേശികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ റെസിഡൻ്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്, കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഒരു കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി +91 7997959754, +91 9912919545 എന്നീ കൺട്രോൾ റൂം നമ്പറുകളും സർക്കാർ പുറത്തിറക്കി. ജിദ്ദയിലെ ഇന്ത്യൻ എംബസിയും 24x7 കൺട്രോൾ റൂം സ്ഥാപിക്കുകയും സഹായത്തിനായി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ (8002440003) പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനും പരിക്കേറ്റവർക്ക് ഉചിതമായ ചികിത്സ നൽകാനും കേന്ദ്ര സർക്കാരിനോട് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അഭ്യർത്ഥിച്ചു. അൽ-മീന ഹജ്ജ് ആൻഡ് ഉംറ ട്രാവൽസ് എന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് ഏജൻസികൾ വഴി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. 

ENGLISH SUMMARY:

Saudi Arabia bus accident claims the lives of 42 pilgrims. The tragic incident involved a bus carrying Indian pilgrims to Medina that collided with a diesel tanker near Mufrihat, resulting in a fire and numerous fatalities.