Representative Image. Image Credit: MattGush/Istockphoto.com
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഉയർന്ന ഫീസ് ഈടാക്കി തട്ടിപ്പ് നടത്തുന്ന ഏജന്റുമാർക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. കഴിഞ്ഞ നവംബറിലും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും തട്ടിപ്പുകൾ തുടരുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റ് പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് കോൺസുലേറ്റ് പ്രവാസികളോട് അഭ്യർത്ഥിച്ചു.
യു.എ.ഇ നിയമപ്രകാരം ഒരു ജീവനക്കാരൻ മരിച്ചാൽ, മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും വഹിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിലുടമയോ സ്പോൺസറോ ഇല്ലാത്ത സാഹചര്യങ്ങളിൽ മാത്രമാണ് കോൺസുലേറ്റിന്റെ സഹായം ആവശ്യമായി വരുന്നത്. ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF) വഴി കോൺസുലേറ്റ് സൗജന്യമായി സേവനം ലഭ്യമാക്കും.
കോൺസുലേറ്റ് അംഗീകരിച്ച ഇന്ത്യൻ പ്രവാസി സംഘടനകളുടെ സഹകരണവും ഇതിനായി ഉപയോഗിക്കാം.മരണം നടന്നാൽ, ഉടൻ തന്നെ വ്യാജ ഏജന്റുമാർ രംഗത്തെത്തി എല്ലാ കാര്യങ്ങളും ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്ത ബന്ധുക്കളിൽ നിന്നും ഇവർ രേഖകൾ കൈവശപ്പെടുത്തി വൻ തുക ഈടാക്കുന്നു. പലപ്പോഴും ഇൻഷുറൻസ് തുക ബന്ധുക്കൾക്ക് നൽകുന്നതിലും തട്ടിപ്പ് നടക്കുന്നുണ്ട്. ഇത്തരം ഏജന്റുമാർക്കിടയിൽ നടന്ന തർക്കങ്ങളെ തുടർന്നാണ് തട്ടിപ്പുകൾ പുറത്തുവന്നത്.
ഈ സാഹചര്യത്തിൽ, മരിച്ചവരുടെ ബന്ധുക്കൾ പണം നൽകേണ്ടതില്ലെന്നും, നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. സഹായത്തിനായി 00971 50 7347676 അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 800 46342 എന്ന ഹെൽപ്പ് ലൈനുകളിൽ ബന്ധപ്പെടാവുന്നതാണ്.