ദുബായ് നഗരജീവിതത്തിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് 20-മിനിറ്റ് സിറ്റി പദ്ധതിക്ക് തുടക്കമാകുന്നു. എല്ലാ അവശ്യ സേവനങ്ങളും താമസസ്ഥലത്തിന് തൊട്ടടുത്ത് ലഭ്യമാക്കുകയാണ് ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ അംഗീകാരം നൽകി.
പദ്ധതി നിലവിൽ വരുന്നതോടെ സ്കൂൾ, ആശുപത്രി, പാർക്ക്, മെട്രോ സ്റ്റേഷൻ എന്നിവടങ്ങളിലേക്ക് 20 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ സാധിക്കും. ഇതിനായി ഓരോ താമസമേഖലയിലും പ്രത്യേക സംയോജിത സേവന കേന്ദ്രങ്ങൾ നിർമ്മിക്കും. കാറുകളുടെ ഉപയോഗം കുറച്ച് നടത്തവും സൈക്കിൾ യാത്രയും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് നഗരത്തിലെ മലിനീകരണം കുറയ്ക്കാനും ജനങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. ജനസംഖ്യയുടെ പകുതിയിലധികം പേരെയും പൊതുഗതാഗത സ്റ്റേഷനുകളുടെ 800 മീറ്റർ പരിധിയിൽ എത്തിക്കും. പരീക്ഷണാടിസ്ഥാനത്തിൽ അൽ ബർഷയിലാണ് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്നത്. വേനൽക്കാലത്തും തണലിലൂടെ നടക്കാൻ സാധിക്കുന്ന വിധത്തിൽ നടപ്പാതകളും സൈക്കിൾ ട്രാക്കുകളും സജ്ജമാക്കും. താമസിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെ മെട്രോ സ്റ്റേഷനോ ബസ് സ്റ്റോപ്പോ ഉറപ്പാക്കും. ചെറിയ ആവശ്യങ്ങൾക്കായി കാറുകൾ എടുക്കുന്നത് കുറയുന്നതോടെ റോഡുകളിലെ തിരക്ക് ഗണ്യമായി കുറയും. യാത്രയ്ക്കും പെട്രോളിനുമായി ചെലവാക്കുന്ന വലിയൊരു തുക ലാഭിക്കാനും താമസക്കാർക്ക് ഇതിലൂടെ സാധിക്കും. ദുബായിലെ മറ്റു മേഖലകളിലേക്കും ഘട്ടംഘട്ടമായി ഈ നഗരമാതൃക വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.