'ജനാധിപത്യം എന്നത് ആരെങ്കിലും നമുക്ക് തരുന്ന ഒന്നല്ല, അത് നമ്മള്‍ ഓരോരുത്തരും ചേര്‍ന്ന് നിര്‍മിച്ചെടുക്കേണ്ട ഒന്നാണ്. മനുഷ്യത്വത്തെ മാനിക്കാന്‍ വിസമ്മതിക്കുന്നത് നമ്മെ നയിക്കുക അപകടകരമായ വഴികളിലേക്കാണ്' . കഴിഞ്ഞ ദിവസം യുഎസിലെ  ഷിക്കാഗോയില്‍ നടന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്ററിന്റെ ഉദ്ഘാടന വേളയില്‍ മുന്‍ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ നടത്തിയ പ്രസംഗം രാജ്യാന്തര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുകയാണ്.  അമേരിക്കന്‍ ജനാധ്യപത്യത്തിന്റെ മൂല്യങ്ങളേയും ബറാക് ഒബാമയുടെ ഭരണകാലത്തേയും ഒാര്‍മിപ്പിച്ച്  മിഷേല്‍ നടത്തിയ പ്രസംഗം കേവലം ഒരു സ്തുതിഗീതമായിരുന്നില്ല. മറിച്ച് അത് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കെതിരെയുള്ള കൃത്യമായ വിരല്‍ചൂണ്ടലും സ്ത്രീശക്തിയു‌ടേയും തുല്യതയുടേയും ഉറച്ച പ്രഖ്യാപനവുമായിരുന്നു. 

അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ശക്തമായ ശബ്ദമായി തുടരുന്ന മിഷേല്‍, ഈ പ്രസംഗത്തിലൂടെ വീണ്ടും രാജ്യാന്തര ശ്രദ്ധ നേടുകയാണ്. പ്രസംഗത്തില്‍ ഉടനീളം ഡോണള്‍ഡ് ട്രംപിന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും , ട്രംപിന്റെ രാഷ്ട്രീയ ശൈലികള്‍ക്കെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളാണ് മിഷേല്‍ ഉയര്‍ത്തിയത്. സമത്വം, സഹതാപം, സത്യസന്ധത, ഉള്‍ക്കൊള്ളല്‍, നീതി എന്നിവയാണ് ജനാധിപത്യത്തിന്റെ കാതല്‍ എന്ന് മിഷേല്‍ തന്റെ പ്രസംഗത്തിലൂടെ ഓര്‍മിപ്പിച്ചു. വെറുപ്പിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയത്തെ രാജ്യം തിരസ്കരിക്കേണ്ടതുണ്ട്.  ആരാണ് യഥാര്‍ഥ അമേരിക്കക്കാരന്‍ എന്ന് വിധിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ല എന്ന മിഷേലിന്റെ വാക്കുകള്‍ വംശീയ അധിക്ഷേപങ്ങള്‍ക്കും കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിനും എതിരെയുള്ള ശക്തമായ പ്രഹരമായിരുന്നു. പ്രത്യാശ (Hope) ആയിരുന്നു പ്രസംഗത്തിന്റെ കേന്ദ്രസന്ദേശം. 

സ്ത്രീപക്ഷവശം

പ്രസംഗത്തിലെ രാഷ്ട്രീയവശത്തിനൊപ്പം സ്ത്രീപക്ഷവശങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഒരു പുരുഷന്റെ വിജയത്തിന് പിന്നിലെ നിശബ്ദ സാന്നിധ്യമെന്ന പരമ്പരാഗത സ്ത്രീസങ്കല്‍പത്തെ മിഷേല്‍ ഒബാമ ഇവിടെ പൂര്‍ണമായും പൊളിച്ചെഴുതുന്നു. ഒബാമയുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ കേവലം ഒരു പിന്തുണക്കാരി എന്നതിലുപരി, സ്വന്തം വ്യക്തിത്വവും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച പങ്കാളിയായിരുന്നു താനെന്ന് മിഷേലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത്  ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കും വിവാഹ സമത്വത്തിനും വേണ്ടി നിലകൊണ്ടതിനെക്കുറിച്ചും മിഷേല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇത് സ്ത്രീപക്ഷ മനുഷ്യാവകാശ പോരാട്ടങ്ങളുടെ വലിയൊരു വിജയമായാണ് വിലയിരുത്തപ്പെടുന്നത്. കഠിനാധ്വാനം ചെയ്യുന്ന സിംഗിള്‍ മദര്‍മാര്‍, അധ്യാപികമാര്‍, കമ്മ്യൂണിറ്റി വളന്റിയറിങ് ചെയ്യുന്ന സ്ത്രീകളെ എന്നിവരുടെ പോരാട്ടത്തെ കുറിച്ചും മിഷേല്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഭയത്തേയും വിദ്വേഷത്തേയും പ്രത്യാശ കൊണ്ട് നേരിടണമെന്ന മിഷേല്‍ ഒബാമയുടെ ആഹ്വാനം കേവലം അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്കും സ്ത്രീപക്ഷ പോരാട്ടങ്ങള്‍ക്കും പുതിയൊരു ഊര്‍ജമാണ് പകരുന്നത്.

കഴിഞ്ഞ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് കാലത്ത് ജോ ബൈഡനെ മാറ്റി മിഷേല്‍ ഒബാമയെ സ്ഥാനാര്‍ഥിയാക്കണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ മല്‍സരിക്കാനില്ലെന്നായിരുന്നു മിഷേലിന്റെ നിലപാട്. ബൈഡന്‍ പിന്‍മാറിയപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന കമലാ ഹാരിസിനെ മിഷേല്‍ ശക്തമായി പിന്തുണച്ചിരുന്നു. 

ENGLISH SUMMARY:

Former U.S. First Lady Michelle Obama has captured global attention with a powerful speech at the Obama Presidential Center inauguration in Chicago. Without directly naming Donald Trump, she emphasized democracy, equality, inclusion, and hope while criticizing politics rooted in division and hatred. Her remarks on women’s empowerment, human rights, and the meaning of American identity have sparked widespread discussion across social media and international media platforms.