ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾ, ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ബൃഹത്തായ കൺവൻഷനോടെ സമാപിക്കുമെന്നു രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പത്ര സമ്മേളനത്തിൽ അറിയിച്ചു. കൺവൻഷന്റെ വിജയത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും അസാനഘട്ടത്തിലാണെന്നും മാർ ജോയ് വ്യക്തമാക്കി. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.
ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോത് അമേരിക്കയുടെ ( ഐ.പി.സി.എൻ.എ) ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്.
അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെന്ററിൽ, ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സിറോ മലബാർ കൺവൻഷൻ നടക്കുന്നത്.
പൊതു സമ്മേളനം സിറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിക്കും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, കൊളംബസ് ബിഷപ്പ് മാർ ഏൾ ഫെർണാണ്ടസ്, സിറോ മലങ്കര സഭ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിക്കും.
2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത ഇരുപത്തഞ്ചു വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ പതിനാല് ഫൊറോനകളിലായി, അമ്പത്തിനാല് ഇടവകകളും മുപ്പത്തിമൂന്ന് മിഷൻ സെൻററുകളും, എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതിൽപരം വൈദികരുമുണ്ട്.
വാത്താസമ്മേളനത്തിൽ ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, ഫാ. മെൽവിൻ പോൾ, ഫാ. ജോൺസൺ കോവൂർപുത്തെൻപുരക്കൽ, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ബിജി സി.മാണി, ജോസഫ് ചാമക്കാല, ആൻഡ്രൂ തോമസ്, സജി വർഗീസ്, ബീന വള്ളിക്കളം തുടങ്ങിയവർ പങ്കെടുത്തു