Image Credit:AFP
മൂന്ന് പതിറ്റാണ്ടിലേറെ ഇറാനെ സ്വന്തം കൈവെള്ളയില്‍ കൊണ്ടു നടന്ന മനുഷ്യന്‍. ഇസ്ലാമിക വിപ്ലവത്തിന്‍റെ അമരക്കാരന്‍. അമേരിക്കയെയും സഖ്യരാജ്യങ്ങളെയും വകവയ്ക്കാതെ ഇറാനെ 'സൂപ്പര്‍ പവറാക്കിയ' അനിഷേധ്യ നേതാവ്.. ആയത്തുല്ല അലി ഖമനയിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഇസ്ലാമിക് റിപ്പബ്ലികിന്‍റെ സ്ഥാപകനായിരുന്ന ആയത്തുല്ല റുഹല്ലാ ഖമനയിയുടെ പിന്‍ഗാമിയായാണ് പണ്ഡിതനായിരുന്ന ആയത്തുല്ല അലി ഖമനയി 1989 ല്‍ ഇറാന്‍റെ നേതൃത്വം ഏറ്റെടുക്കുന്നത്. പിന്നീടിങ്ങോട്ട് ഇറാന്‍ സര്‍ക്കാരും സൈന്യവും കോടതിയുമെല്ലാം ആത്മീയ നേതാവായ അലി ഖമനയിയിലേക്ക് ചുരുങ്ങി.തനിക്ക് കീഴില്‍ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍ എന്ന സൈന്യത്തെയും കെട്ടിപ്പടുത്തു. ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് പുതിയ വഴിത്തിരിവുണ്ടാക്കിയതും ഖമനയി ആയിരുന്നു. തീവ്ര ഇസ്ലാമിക നിലപാടുകളാണ് എക്കാലവും ഖമനയി സ്വീകരിച്ചത്. കടുത്ത പാശ്ചാത്യ വിരുദ്ധനായിരുന്ന ഖമനയി 'അമേരിക്കയുടെ മരണം, ഇസ്രയേലിന്‍റെ മരണം' എന്ന മുദ്രാവാക്യം ഇറാന്‍ സൈന്യത്തിന്‍റെ ആപ്തവാക്യമാക്കി മാറ്റി. ഏത് വന്‍ശക്തിയെയും നേരിടാന്‍ പോന്ന കരുത്ത് ഇറാനുണ്ടെന്നും സ്വയം പര്യാപ്തമാകുകയാണ് ഇറാന്‍റെ ലക്ഷ്യമെന്നും പ്രഖ്യാപിച്ചു.
യുറേനിയം സമ്പുഷ്ടീകരിക്കാനും രാജ്യത്തിന്‍റെ വികസനത്തിനായി അത് പ്രയോജനപ്പെടുത്താനും വലിയ ഗവേഷണ പദ്ധതികള്‍ക്കാണ് ഖമനയി രൂപം നല്‍കിയത്. ഇതിനായി അതിവിദഗ്ധരായ ശാസ്ത്രജ്ഞരെയും നിയോഗിച്ചു. ആണവായുധം നിര്‍മിക്കില്ലെന്നും പക്ഷേ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും ഉറച്ച നിലപാടെടുത്തു. തദ്ദേശീയമായി ദീര്‍ഘദൂര മിസൈലുകളടക്കം നിര്‍മിക്കാന്‍ ഇറാന്‍ സൈന്യത്തോട് നിര്‍ദേശിച്ചു. ഇത്തരത്തില്‍ നിര്‍മിച്ച മിസൈലുകള്‍ 12 ദിന യുദ്ധത്തിലും ഇസ്രയേലിനെതിരെ ഇപ്പോള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേസമയം, രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്നതും സബ്സിഡികള്‍ നിര്‍ത്തലാക്കിയതും ജനങ്ങളെ ചൊടിപ്പിച്ചു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കൂടിയായതോടെ ജനം തെരുവിലിറങ്ങി. തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധത്ത ഉരുക്ക് മുഷ്ടിയോടെ ഖമനയി അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ഡിസംബര്‍ അവസാനവാരം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രക്ഷോഭത്തില്‍ ഖമനയിക്കെതിരെ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി. ഏകാധിപത്യം അവസാനിപ്പിക്കാന്‍ കാലമായെന്നും ഇറാന് ഈ നേതൃത്വമല്ല വേണ്ടതെന്നും ജനം ഏറ്റുവിളിച്ചു. തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചുവെങ്കിലും പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുന്നുവെന്ന് കണ്ടതോടെ ഖമനയി ഭരണകൂടം സ്വന്തം പൗരന്‍മാര്‍ക്കെതിരെ തിരിഞ്ഞു. ഇറാഖില്‍ നിന്നുവരെ സൈന്യത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഏഴായിരത്തോളം പേര്‍ തടവിലാക്കപ്പെട്ടു.
പ്രക്ഷോഭത്തിന്‍റെ അലയൊലികള്‍ ഒടുങ്ങി വരുമ്പോഴാണ് അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ക്ക് ഖമനയി ഭരണകൂടം തുടക്കം കുറിച്ചത്. ഒമാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്ക– ഇറാന്‍ കരാര്‍ സാധ്യമാകുമെന്ന് ലോകം പ്രതീക്ഷിച്ചിരിക്കെ മൂന്നാം വട്ട ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. ഇതിന് പിന്നാലെയാണ് ഇറാനെ ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്ക ആക്രമിച്ചത്. ആക്രമണത്തില്‍ 200 ലേറെ ഇറാന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും 747ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഖമനയിയെയും ഉറ്റ അനുയായികളെയും ഇറാന്‍റെ ഉന്നത നേതാക്കളെയുമടക്കം വകവരുത്തിയെന്നും അമേരിക്ക അവകാശപ്പെടുന്നു.