ഇറാനിലെ ഇസ്രയേലിന്റെ കിറുകൃത്യതയുള്ള ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയ ചാരസുന്ദരിയെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ് മൊസാദിന്റെ ഏജന്റായി പ്രവര്‍ത്തിച്ചത്. അതിനായി അവര്‍ മതംമാറി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുെട വെബ്സൈറ്റില്‍ ബ്ലോഗറുമായി.
Also Read : ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ കേടുപാട്; അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്ന് ഇറാന്‍
ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ നീക്കങ്ങള്‍ നിഗൂഢവും അതീവരഹസ്യവുമാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളെയും ആണവ ശാസ്ത്രജ്ഞരെയും കമാന്‍ഡര്‍മാരെയും വകവരുത്താന്‍ ഇറാനില്‍ നുഴഞ്ഞുകയറി മൊസാദിന് വിവരങ്ങള്‍ നല്‍കിയത് ഫ്രഞ്ചുകാരിയായ മാധ്യമപ്രവര്‍ത്തക കാതറിന്‍ പെരസ് ഷക്ദം ആണ്. പശ്ചിമേഷ്യന്‍ , ഇസ്ലാമിക കാര്യങ്ങള്‍ വൈദഗ്ധ്യമുള്ള പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറാണ് കാതറിന്‍. ഫ്രാന്‍സിലെ ജൂത കുടുംബത്തില്‍ ജനിച്ച കാതറിന്‍ സൈക്കോളജിയില്‍ ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി.
പിന്നാലെ ധനകാര്യത്തിലും ആശയവിനിമയത്തിലും ബിരുദാനന്തരബിരുദം നേടി. ലണ്ടനില്‍ പഠിക്കുമ്പോള്‍ യെമനില്‍ നിന്നുള്ള സുന്നി മുസ്ലിമുമായി പ്രണയത്തിലാവുകയും വിവാഹത്തിനായി ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. പിന്നീട് ഷിയ ഇസ്ലാം വിശ്വാസത്തിലേക്ക് മാറി. ടെഹ്റാന്‍, ടൈംസ്, യെമന്‍ പോസ്റ്റ്, ദ് ഗാര്‍ഡിയന്‍, എന്നിവടങ്ങളിലെ ജോലിക്ക് ശേഷം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വെബ്സൈറ്റായ ഖമനി ഡോട്ട് ഐ.ആറില്‍ ബ്ലോഗറായി.
2017ല്‍ ഇറാനിലെത്തിയ കാതറിന്‍ രാഷ്ട്രീയ നേതാവും അന്നത്തെ സ്ഥാനാര്‍ഥിയുമായ ഇബ്രാഹിം റൈസിയുമായി ചങ്ങാത്തം കൂടി. പിന്നെ റൈസി വഴി ഇറാനിലെ പല നേതാക്കളിലേക്കും ഉന്നത ഉദ്യോഗസ്ഥരിലേക്കും ആ സൗഹൃദം സ്ഥാപിച്ചു. ആദ്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി ചങ്ങാത്തം കൂടിയ കാതറിന്‍ അവരുടെ വിശ്വാസം നേടി, വീടുകളിലെ നിത്യസന്ദര്‍ശകയായി, എന്തിന് സുരക്ഷ കര്‍ശനമായ സ്ഥലങ്ങളില്‍ വരെ അനായസം കയറിക്കൂടി. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതും ആകര്‍ഷകമായ വ്യക്തിത്വവും കാതറിന്റെ വിശ്വാസ്യതകൂട്ടി. ഓരോ സ്ഥലങ്ങളിലും എത്തിയപ്പോഴും അവര്‍ അതീവരഹസ്യമായി ഫോട്ടോ എടുക്കുകയും വിവരം നേരിട്ട് മൊസാദിന് കൈമാറുകയും ചെയ്തു. ഇറാന്‍ കാര്യങ്ങള്‍ മനസിലാക്കിയപ്പോഴേക്കും കാതറിന്‍ ദൗത്യംപൂര്‍ത്തിയാക്കി ഇറാന്‍ വിട്ടിരുന്നു. ഇപ്പോള്‍ കാതറിന്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല.