കെഎംസിസി ഓഫീസില്‍ നിന്ന് എട്ടുകോടി രൂപ കവര്ന്നതില് ഖത്തറില്‍ അറസ്റ്റിലായ പാകിസ്ഥാനികളടക്കമുള്ളവരെ വിട്ടയച്ചു. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം രാജ്യം വിട്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഖത്തര്‍ കോടതി അവിടുത്തെ അന്വേഷണം അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള ഖത്തര്‍ കോടതിയുടെ രേഖ മനോരമ ന്യൂസിന് ലഭിച്ചു.
ഖത്തറിലെ അല്‍തുമാമയിലെ കെഎംസിസി ഓഫീസില്‍ 2025 സെപ്റ്റംബര്‍ 17നാണു കവര്‍ച്ച നടക്കുന്നത്. ഓഫീസ് ജീവനക്കാരെനെ ബന്ധിയാക്കിയശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന 31ലക്ഷം റിയാല്‍ കവരുകയായിരുന്നു. തൊട്ടടുത്ത ദിവസം ഖത്തര്‍ പൊലീസ് കേസെടുത്തു. മോഷണം, ബന്ധിയാക്കല്‍ എന്നിവയുമായി ബന്ധപെട്ട വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ്. രണ്ടു പാക്കിസ്ഥാനികളെയും കൊയിലാണ്ടി സ്വദേശി അഷ്റഫ് ഹുസൈന് അടക്കം മൂന്ന് ഇന്ത്യക്കാരേയും അറസ്റ്റുചെയ്തു. മാസങ്ങള്‍ അന്വേഷണം നടത്തിയെങ്കിലുംസന്ദര്ശക വിസയിലെത്തി കൃത്യം നടത്തി മടങ്ങിയവരെ കുറിച്ചു വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ കവര്‍ച്ചാ സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പ്രതിചേര്ക്കപെട്ടിരുന്ന അഷ്റഫ് ഹുസൈന് അടക്കമുള്ളവരെ വിട്ടയച്ചു.
കവര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ ബോംബെ ഷാജിയെയും കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത ബാലകൃഷ്ണനെയും മടങ്ങുന്നതിനായി വിമാനത്താവളത്തില്‍ എത്തിച്ചുവെന്നായിരുന്നു അഷ്റഫിനെതിരെയുള്ള കുറ്റം. കവര്‍ച്ച വിവരം അറിയാതെയാണ് അഷ്റഫ് നാട്ടുകാരനെ സഹായിച്ചത്. രണ്ടുമാസം ജയിലില്‍ കിടന്നശേഷമാണ് അഷറഫിനെ വിട്ടയച്ചത്. പാക്കിസ്ഥാന് സ്വദേശികളുടെ കടയില്‍ നിന്നാണ് ലോക്കര്‍ തകര്‍ക്കാനായി ഗ്യാസ് സിലിണ്ടറും കട്ടറും വാങ്ങിയത്.
കുറ്റകൃത്യത്തില്‍ പങ്കില്ലെന്നു കണ്ട് ഇവരെയും പിന്നീട് വിട്ടയച്ചു കേസ് അവസാനിപ്പിച്ച് പബ്ലിക് പ്രൊസിക്യൂഷന് ഓഫീസ് ഉത്തരവും ഇറക്കി. ഇതോടെ എട്ടരകോടി കവര്‍ന്ന കേസില്‍ സംഭവം നടന്ന സ്ഥലത്ത് കേസില്ലാതായി. കവര്‍ച്ചയില്‍ ഗൂഡാലോചന നടത്തിയവരെയടക്കം കെ.എം.സി.സി. കണ്ടെത്തിയെങ്കിലും പരാതി നല്കുന്ന വിദേശികള്‍ക്ക് കേസ് തീരുന്നതുവരെ യാത്ര വിലക്കുണ്ടാകുമെന്നതിനാലാണ് ഖത്തറിലെ കേസുമായി മുന്നോട്ടുപോകാതിരുന്നതെന്നാണ് വിവരം. പകരം ചര്‍ച്ചകളിലൂടെ നഷ്ടമായ പണം വാങ്ങിയെടുക്കാനായിരുന്നു ശ്രമം. അതും പരാജയപ്പെട്ടപ്പോഴാണ് KMCC കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയത്.