ഖത്തർ കെഎംസിസിയില്‍ എട്ട് കോടിയുടെ കവർച്ച നടത്തിയ ബിജെപി നേതാവ് ബാലകൃഷ്ണന്‍ കീഴടങ്ങുന്നതിനു മുൻപുള്ള വിഡിയോ പുറത്ത്. ജോലി വാഗ്ദാനം ചെയ്ത് മറ്റ് പ്രതികൾ തന്നെ ഖത്തറിൽ എത്തിച്ചുവെന്നും കവർച്ച നടത്താനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ബാലകൃഷ്ണൻ പറയുന്നു. തന്നെ കൊണ്ട് സ്ട്രോങ് റൂമിന്റെ പൂട്ട് പൊളിപ്പിച്ചെന്നും ഒപ്പമുണ്ടായിരുന്നവർ പണം കവർന്നെന്നും ബാലകൃഷ്ണൻ ആരോപിച്ചു.

രാത്രിയില്‍ റസാഖ് എന്നു പേരുള്ള ഒരാള്‍ തന്നോടു ഒരു ചെറിയ പണിയുണ്ടെന്ന് പറഞ്ഞിരുന്നു. പിറ്റേന്ന് വെളുപ്പിന് നാലു മണിക്ക് ഒരു വീട്ടിലേക്ക് കൊണ്ടു പോയി. തന്നെ വാഹനത്തിലിരുത്തി അവര്‍ പോയി. കുറേക്കഴിഞ്ഞ് താന്‍ അങ്ങോട്ടു കയറിച്ചെല്ലുമ്പോഴാണ് അറിയുന്നത് അത് വീടല്ലെന്നും കെഎംസിസിയുടെ ഓഫിസാണെന്നും. ചോദിച്ചപ്പോള്‍ അതൊന്നും നിങ്ങള്‍ അറിയേണ്ടെന്ന മറുപടിയാണ് അവര്‍ പറഞ്ഞത്. തന്‍റെ പാസ്പോര്‍ട്ട് അവരുടെ കയ്യിലാണെന്നും പറഞ്ഞു. വെല്‍ഡിങ് ജീവനക്കാരനാണ് താന്‍. പൂട്ട് തകര്‍ക്കാന്‍ പറഞ്ഞപ്പോള്‍ അതു പോലെ ചെയ്തു. കവര്‍ച്ച നടത്തിയത് കൂടെയുണ്ടായിരുന്നവരാണെന്നും ബാലകൃഷ്ണന്‍.

2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽതുമാമയിലെ കെഎംസിസിയുടെ ഓഫിസിൽ കവർച്ച നടക്കുന്നത്. ഓഫിസ് ബോയ് ആയി ജോലിചെയ്തിരുന്നയാളെ കെട്ടിയിട്ടായിരുന്നു കവർച്ച. സംഭവത്തില്‍ കൊയിലാണ്ടി പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കീഴടങ്ങിയ ബാലകൃഷ്ണൻ ഉൾപ്പെടെ ആറ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

ബിജെപി പ്രാദേശിക നേതാവായ ബാലകൃഷ്ണന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. കുറ്റബോധം കാരണം പൊലീസിന് കീഴടങ്ങിയത് എന്ന് പറയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് ക്വട്ടേഷന്‍ കൊടുത്താണ് സംഘത്തെ അവിടെ എത്തിച്ചതെന്നാണ് സൂചന.

ENGLISH SUMMARY:

A video statement of Balakrishnan, a local BJP leader and accused in the ₹8 crore Qatar KMCC office heist, has emerged prior to his surrender to the police. In the video, Balakrishnan claims he was lured to Qatar under the false promise of a job and had no prior knowledge of the robbery plot. He alleges that he was forced to weld open the strongroom's lock while his accomplices stole the money, and that his passport was confiscated. The robbery took place on September 18, 2025, at the KMCC office in Al Thumama, Doha, where the office boy was tied up. Koyilandi police are investigating the case based on local complaints, with Balakrishnan being the first to surrender among the six accused, while a search continues for the remaining five. Balakrishnan, who contested the last local body elections, reportedly surrendered out of guilt, with initial investigations suggesting a quotation gang was hired from Koyilandi, Kozhikode, to execute the crime.