Protesters, predominantly Houthi supporters, demonstrate to show solidarity with the Palestinians in the Gaza Strip, in Sanaa, Yemen May 23, 2025. REUTERS/Khaled Abdullah

  • റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയം, റാസ് തനൂറ എണ്ണ ശുദ്ധീകരണശാല, നജ്റാൻ വിമാനത്താവളം എന്നിവയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു.

സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതികൾ. റിയാദിലെ പ്രതിരോധ മന്ത്രാലയം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു. തെക്കൻ ഭാഗത്ത് സൈനിക ട്രാൻസ്പോർട്ട് വിമാനങ്ങളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനുറ എണ്ണ ശുദ്ധീകരണശാലയും ലക്ഷ്യമിട്ടതായും ഹൂതികൾ അവകാശപ്പെട്ടു. ആക്രമണം അവസാനിപ്പിക്കാൻ ഹൂതികൾക്ക് സൗദി 1 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തു എന്ന റിപ്പോർട്ടിനു പിന്നാലെയാണ് ആക്രമണങ്ങൾ. 

സൗദി പണം വാഗ്ദാനം ചെയ്ത് ആക്രമണം നിർത്താൻ ശ്രമിക്കുകയെന്ന് ഇസ്രയേലി മാധ്യമമായ ഇസ്രായേൽ ഹയോമിയാണ് റിപ്പോർട്ട് ചെയ്തത്. വെടിനിർത്തലിനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഇറാന്‍റെ മധ്യസ്ഥതയിൽ സൗദി ഹൂതികൾക്ക് 1 ബില്യൺ ഡോളർ വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാന്‍റെ ഇറാൻ സന്ദർശന വേളയിൽ ഇക്കാര്യം ചർച്ചയായെന്നും അദ്ദേഹം സഞ്ചരിച്ച ഹെർക്കുലീസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിൽ 1 ബില്യൺ ഡോളർ കൊണ്ടു പോയതായുമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ പണം കൈമാറിയിട്ടുണ്ടോ എന്ന കാര്യം സൗദി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

മൂന്നു വർഷം മുൻപ് ഹൂതികളുമായുണ്ടാക്കിയ കരാർ നടപ്പിലാക്കുന്നതിൽ വന്ന വീഴ്ചയാണ് സംഘർഷത്തിനൊരു കാരണമെന്ന് ഇസ്രയേൽ ഹയോമിയോട് സംസാരിച്ച സൗദി ഉദ്യോഗസ്ഥൻ പറഞ്ഞു. സമാധാനം ഉറപ്പാക്കുന്നതിന് ഹൂതികൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാമെന്ന് കരാറിലുണ്ട്. ഹൂതി നിയന്ത്രണത്തിലുള്ള മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാനുമാണ് ഈ തുത ഉപയോഗിക്കുക എന്നുമാണ് സമാധാന കരാർ. ഈ കരാറിൽ നിന്നും പിന്മാറിയതും സംഘർഷത്തിനൊരു കാരണമെന്നാണ് ഹൂതികൾ പറയുന്നതെന്നും റിപ്പോർട്ടിലുണ്ട്. 

അതേസമയം, റിയാദിലെ സൗദി പ്രതിരോധ മന്ത്രാലയത്തെ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ലക്ഷ്യം വച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ സാരി പറഞ്ഞു. നജ്‌റാൻ വിമാനത്താവളത്തിലും ഖമീസ് മുഷൈത്തിലെ (കിംഗ്) ഖാലിദ് വ്യോമതാവളത്തിലും ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായും രണ്ട് സൈനിക വിമാനങ്ങളെ ലക്ഷ്യം വച്ചാതായും ഹൂതികൾ അവകാശപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ തന്ത്രപ്രധാന എണ്ണ ശുദ്ധീകരണശാലയായ റാസ് തനൂറയ്ക്ക് നേരെയും ആക്രമണമുണ്ടായി. തലസ്ഥാനമായ റിയാദിന് നേരെ എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന തകർത്തുവെങ്കിലും, നഗരത്തിൽ പതിച്ച മിസൈൽ അവശിഷ്ടങ്ങൾ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തി. 

ചെങ്കടലിലെ ബാബുൽമൻദിബിൽ സൗദി സേനയ്ക്ക് നേരെയും ആക്രമണം നടന്നതായി ഹൂതി സൈനിക വക്താവ് യഹ്യാ സാരി അവകാശപ്പെട്ടു. സൗദിക്ക് സൈനിക സുരക്ഷാ സഹായം നൽകാനുള്ള ഈജിപ്തിന്റെ നീക്കം യെമനെതിരായ യുദ്ധ പ്രഖ്യാപനമാണെന്ന് ഹൂതികൾ ആരോപിച്ചു. തങ്ങൾക്ക് നേരെയുള്ള ഈജിപ്തിന്റെ ഏത് നീക്കത്തെയും സൈനികമായി നേരിടുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Yemen's Houthi rebels have claimed responsibility for a series of missile strikes targeting Saudi Arabia's Defense Ministry in Riyadh, military bases, and the Ras Tanura oil refinery. The escalation comes amid reports from Israeli media claiming Saudi Arabia offered $1 billion through Iranian mediation to secure a ceasefire with the Houthis. While Saudi air defenses intercepted two ballistic missiles over Riyadh, falling debris reportedly damaged nearby buildings and vehicles. Furthermore, the Houthis warned Egypt against extending military assistance to Saudi Arabia, characterizing any such involvement as a direct declaration of war.