കമലേഷ് പാണ്ഡെ
സൗദിയിലെ ദമാം കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരനെ തിരിച്ചറിഞ്ഞു. വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫും ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിയുമായ കമലേഷ് പാണ്ഡെയാണ് കൊല്ലപ്പെട്ടത്. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും സർവീസുകൾ സാധാരണ നിലയിലാക്കിയതായി സൗദി വ്യോമയാന അതോറിറ്റി അറിയിച്ചു. അതേസമയം, സാധാരണക്കാർക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. Also Read: മുഖ്യമന്ത്രിമാരെ അടക്കം വിളിച്ചു; അന്തരവളുടെ കല്യാണത്തിന് ജഗന്‍ ഇടങ്കോലിട്ടു; ആരോപണവുമായി ശര്‍മിളയുടെ സഹായി
റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതിനെ തുടർന്ന് സർവീസുകൾ ദമാമിലേക്ക് വഴിതിരിച്ചുവിട്ട ഘട്ടത്തിലാണ് കിങ് ഫഹദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണമുണ്ടായത്. വിമാനത്താവളത്തിനുള്ളിൽ ജോലി ചെയ്യുന്നതിനിടെയാണ് മുപ്പത്തിയേഴുകാരനായ കമലേഷ് പാണ്ഡെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്ക് പരുക്കേറ്റു; യെമൻ, ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാരും പരുക്കേറ്റവരിലുണ്ട്. ഇതിന് പുറമെ സൗദിയിലെ ഷായ്ബ എണ്ണപ്പാടത്തുണ്ടായ മറ്റൊരു ആക്രമണത്തിലും ഇന്ത്യക്കാരന് പരുക്കേറ്റു. യെമൻ തീരത്തിന് സമീപം 14 ഇന്ത്യക്കാരുണ്ടായിരുന്ന ബോട്ടിന് നേരെയും ഹൂതികളുടെ ഭീഷണിയുണ്ടായി.
ദമ്മാം ആക്രമണത്തിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ദഹ്റാനിലെ ആസ്ഥാന മന്ദിരം അടിയന്തരമായി പൂർണമായി ഒഴിപ്പിച്ചു. ജീവനക്കാരോട് മുഴുവൻ വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ നിർദേശിച്ച കമ്പനി, ചരിത്രത്തിലാദ്യമായാണ് പ്രധാന ആസ്ഥാനം പൂർണമായി ഒഴിയുന്നത്. റിയാദിലെ പ്രതിരോധ മന്ത്രാലയവും യാൻബുവിലെ അരാംകോ കേന്ദ്രവും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി ഇത് സ്ഥിരീകരിച്ചിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ പ്രതിദിനം മുപ്പത് ലക്ഷം ബാരൽ എണ്ണ സംഭരിക്കാനും സൗദി നീക്കം തുടങ്ങി.
വിമാനത്താവളത്തിലും എണ്ണപ്പാടത്തുമുണ്ടായ ആക്രമണത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, സൗദിയുടെ പരമാധികാരം സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഹൂതികൾ ഭീകര സംഘടനകൾക്ക് തുല്യമാണെന്ന് സൗദിയിലെ മുതിർന്ന മതപണ്ഡിതരുടെ കൗൺസിൽ കുറ്റപ്പെടുത്തി. വിമാന സർവീസുകൾ തടസ്സപ്പെട്ടതോടെ മക്കയിലുള്ള ഉംറ തീർഥാടകർ ബസുകൾ വഴി യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെത്തി അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി.
അതിനിടെ, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഏഴ് കപ്പലുകൾ ആക്രമിച്ചതായി ഇറാൻ വ്യക്തമാക്കി. കടൽ മൈനുകൾ പൊട്ടിത്തെറിച്ച് മൂന്ന് കപ്പലുകൾക്കും തീപിടിച്ചു .അതേസമയം ,ഹൂതികളുടെ ആക്രമണത്തിൽ പരുക്കേറ്റവർക്കും കൊല്ലപ്പെട്ട കമലേഷ് പാണ്ഡെയുടെ കുടുംബത്തിനും എല്ലാവിധ സഹായങ്ങളും ഉറപ്പാക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു.