Image Credit: facebook/ysjagan

Image Credit: facebook/ysjagan

  • വിഐപികൾക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം ക്ഷണക്കത്തുകൾ അയച്ച ശേഷമാണ് ജഗന്റെ ഭാഗത്തുനിന്നും ഇത്തരമൊരു തീരുമാനമുണ്ടായത്.

സഹോദരി വൈഎസ് ശര്‍മിളയുമായുള്ള സ്വത്ത് തര്‍ക്കത്തിനു പിന്നാലെ ബെംഗളൂരുവിലെ യെലഹങ്ക പാലസിൽ അനന്തരവളുടെ വിവാഹം നടത്താന്‍ ജഗന്‍മോഹന്‍ റെഡ്ഡി സമ്മതിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ശർമ്മിളയുടെ മകൾ വൈഎസ് അഞ്ജലി റെഡ്ഡിയും അമേരിക്കയിൽ താമസിക്കുന്ന സോമല രഘുരാമി റെഡ്ഡിയും തമ്മിലുള്ള വിവാഹനിശ്ചയം സെപ്റ്റംബർ 24 ന് നടന്നിരുന്നു. നവംബർ 25 ന് യെലഹങ്ക കൊട്ടാരത്തിൽ വച്ച് വിവാഹം നടത്താനായിരുന്നു ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷയായ ശർമ്മിളയുടെ ആ​ഗ്രഹം. എന്നാൽ യെലഹങ്ക പാലസിൽ വച്ച് വിവാഹം നടത്താൻ അനുവദിക്കില്ലെന്ന് ജ​ഗൻ അമ്മ വൈഎസ് വിജയമ്മ വഴി ശർമിളയെ അറിയിക്കുകയായിരുന്നു. 

ഈ സംഭവം ശർമിളയ്ക്ക് വലിയ ‍ഞെട്ടലുണ്ടാക്കിയെന്നും ബന്ധുക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം ക്ഷണക്കത്ത് അയച്ച ശേഷമാണ് ഇങ്ങനൊരു തീരുമാനം വന്നതെന്നും ശർമിളയുടെ സഹായി പറഞ്ഞു. നിലവിൽ പുതിയ വേദിക്കായുള്ള തിരച്ചലിലാണ് ശർമിള. തന്റെ അമ്മായിയമ്മയുടെ പേരിലാണ് സ്ഥലം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് ജ​ഗൻ വിജയമ്മയോട് പറഞ്ഞത്. വിജയമ്മ ജ​ഗനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നുവെന്നും ശർമിളയുടെ സഹായി പറഞ്ഞു. നിലവിൽ മറ്റു വേദികൾക്കായി ശർമിള നെട്ടോട്ടമോടുകയാണെന്നും സഹായികൂട്ടിച്ചേർത്തു. 

ഹൈക്കമാൻഡ് നേതാക്കൾക്കൊപ്പം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, മുൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയവർക്ക് ഇതിനകം ക്ഷണക്കത്തുകൾ അയച്ചിട്ടുണ്ട്. വിഐപികളുടെ സുരക്ഷയും യാത്ര ക്രമീകരണങ്ങളും ഉറപ്പാക്കാൻ അനുയോജ്യമായ മറ്റൊരു വേദി ആവശ്യമാണെന്നും സഹായി വ്യക്തമാക്കി. 

കുടുംബ സ്വത്തുക്കളെച്ചൊല്ലി കഴിഞ്ഞ അഞ്ച് വർഷമായി ജഗൻ മോഹൻ റെഡ്ഡിയും ശർമ്മിളയും തമ്മിൽ തർക്കമുണ്ട്. മുൻ ആന്ധപ്രദേശ് മുഖ്യമന്ത്രിയും ഇരുവരുടെയും പിതാവുമായ വൈഎസ് രാജശേഖര റെഡ്ഡി മക്കൾക്ക് കുടുംബ സ്വത്തിൽ തുല്യ പങ്കാളിത്താമാണ് ആ​ഗ്രഹിച്ചിരുന്നതെന്ന് ശർമിളയുടെ സഹായി പറഞ്ഞു. ഹൈദരാബാദ്, ബെംഗളൂരു, ഇടുപുലപായ എന്നിവിടങ്ങളിൽ അദ്ദേ​ഹം മക്കൾക്കായി പ്രത്യേകം വസതികൾ ഒരുക്കിയിരുന്നു. ഹൈദരാബാദിലെ ലോട്ടസ് പോണ്ട് പ്രദേശത്ത് ഇവരുടെ വസതികൾ അടുത്തടുത്താണ്. ശർമിള ഇപ്പോഴും അവിടെയുള്ള വീട്ടിലാണ് താമസിക്കുന്നത്. സ്വന്തം നാടായ ഇടുപുലപായയിലും ഇവർക്കായി പ്രത്യേകം വസതികൾ നിർമ്മിച്ചിട്ടുണ്ടെന്നും സഹായി പറഞ്ഞു.

ENGLISH SUMMARY:

AP Congress Chief YS Sharmila is reportedly facing a venue crisis for her daughter YS Anjali Reddy's upcoming wedding after her brother YS Jagan Mohan Reddy denied permission to host it at the Yelahanka Palace in Bengaluru. Despite wedding invitations already being dispatched to prominent political leaders and high-profile dignitaries, Jagan conveyed his refusal through their mother, YS Vijayamma, citing property ownership details. This decision stems from an ongoing five-year family property dispute between the siblings over assets intended to be shared equally by their late father, YS Rajasekhara Reddy. Consequently, Sharmila is actively searching for an alternative high-security venue to accommodate the VIP guests.