പ്രസംഗിക്കാൻ കയറിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സംസാരിക്കാൻ അനുവദിക്കാതെ ജനക്കൂട്ടം. ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിൽ ഹോർട്ടികൾച്ചർ ഹബ്ബ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു നിർമല സീതാരാമൻ. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സദസ്സിലുണ്ടായിരുന്നു. ഒക്ടോബർ രണ്ടിന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബറിടങ്ങളിൽ വൈറലാണ്.
നിർമല സീതാരാമൻ പ്രസംഗിക്കാനായി മൈക്കിന് മുന്നിലെത്തിയതുമുതൽ ജനക്കൂട്ടം കൂക്കിവിളിക്കാൻ തുടങ്ങി. സംസാരിക്കാൻ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി പറയുന്നുണ്ടെങ്കിലും കാണികൾ അത് കേൾക്കാതെ കൂടുതൽ ഉച്ചത്തിൽ ബഹളംവയ്ക്കുന്നതും വിഡിയോയിൽ കാണാം. നിർമല സീതാരാമന്റെ മുഖത്ത് അസ്വസ്ഥത പ്രകടമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലിനെ തുടർന്നാണ് ജനക്കൂട്ടം ശാന്തമായതും കേന്ദ്രമന്ത്രി പ്രസംഗം പൂർത്തിയാക്കിയതും.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിർമല സീതാരാമനെതിരെയും ചന്ദ്രബാബു നായിഡുവിനെതിരെയും വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. തൊഴിലില്ലായ്മ മൂലമുള്ള ജനങ്ങളുടെ രോഷമാണ് കണ്ടതെന്ന് കോൺഗ്രസ് വിമർശിച്ചു. ജനവികാരമാണ് പ്രകടമായതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു.
എന്നാൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കേന്ദ്രമന്ത്രി നിർമല സീതാരാമനും ബിജെപി നേതാക്കളും ആരോപണങ്ങളെ പൂർണമായി തള്ളി. ജനങ്ങളുടെ ആവേശമാണ് കണ്ടതെന്നും ആർപ്പുവിളികളായിരുന്നു അതെന്നുമാണ് സംഭവത്തിൽ ബിജെപിയുടെ വിശദീകരണം.