sourav-das
  • സിജെപിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് സംശയം ഉന്നയിക്കുന്നവർ ബിജെപിയുടെ അക്കൗണ്ടുകളും കണക്കുകളും പരിശോധിക്കണമെന്നും ഇലക്ടറൽ ബോണ്ട് വഴി ആരാണ് സംഭാവന നൽകിയതെന്ന് പരിശോധിക്കണമെന്നും സൗരവ് ദാസ്

ബിജെപിയിൽ നിന്നാണ് സിജെപിക്ക് ഫണ്ട് ലഭിക്കുന്നതെന്ന് പരിഹസിച്ച് സിജെപി വക്താവ് സൗരവ് ദാസ്. സിജെപിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് സംശയം ഉന്നയിക്കുന്നവർ ബിജെപിയുടെ അക്കൗണ്ടുകളും കണക്കുകളും പരിശോധിക്കണമെന്നും ഇലക്ടറൽ ബോണ്ട് വഴി ആരാണ് സംഭാവന നൽകിയതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോക്രോച്ച് ജനതാ പാർട്ടിയുടെ സാമ്പത്തിക സ്രോതസുകൾ വിദേശത്തുനിന്നാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സൗരവ് ദാസ് പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എസ്ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10ന് ജന്തർ മന്തറിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സിജെപി. എന്നാൽ, അന്നത്തെ പ്രതിഷേധത്തിന് മുൻപ് താനും അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ള കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരും അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് സൗരവ് ദാസ് പറഞ്ഞു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൊലീസിന്റെ നീക്കത്തെക്കുറിച്ച് സൗരവ് ദാസ് പറഞ്ഞത്.

കൂടാതെ, ഗ്യാനേഷ് കുമാറിനെതിരായ ഹർജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും മാറിനിൽക്കണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടു. എസ്ഐആർ പ്രക്രിയ പശ്ചിമ ബംഗാളിലും ബിഹാറിലും തടസ്സങ്ങളൊന്നുമില്ലാതെ നടപ്പാക്കുന്നുവെന്ന് പറഞ്ഞത് ഈ ജഡ്ജിമാരാണെന്നാണ് സൗരവ് ദാസിന്‍റെ ആരോപണം.

ENGLISH SUMMARY:

CJP spokesperson Sourav Das stated that the BJP is the source of funding for CJP and that those questioning CJP's financial sources should examine BJP's accounts and electoral bond donations. He dismissed allegations that CJP's financial sources are foreign, asserting that CJP operates through crowd-funding.