പ്രതീകാത്മക ചിത്രം Image Credit:AFP
ഗൾഫ് മേഖലയിലെ സംഘർഷസാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രവാസി കേരളീയർ നേരിടുന്ന പ്രതിസന്ധികൾ സര്‍ക്കാരിന്റെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നു. സൗദി പ്രവാസി സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സൗദി അറേബ്യയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും താങ്ങാനാവുന്ന നിരക്കിൽ ചാർട്ടേഡ് വിമാന സർവീസുകൾ ഏർപ്പെടുത്തുകയെന്നതാണ് പ്രധാന ആവശ്യം.
അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരുടെ മടക്കയാത്ര സുഗമമാക്കുക, മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു. ഉംറ–വിസിറ്റ് വീസകളിൽ യാത്രാതടസം നേരിടുന്നവർക്ക് യാത്ര, താമസം, ഭക്ഷണം എന്നിവ ഉറപ്പാക്കണമെന്നും സൗദിയിലെ കേരളീയ സമൂഹം ആവശ്യമുന്നയിക്കുന്നു.
മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി
സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി കർശന സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ, അവയെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ, ആക്രമണങ്ങളുടെ ആഘാതമുണ്ടായ സ്ഥലങ്ങൾ എന്നിവ ചിത്രീകരിക്കുകയോ അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രസിദ്ധീകരിക്കുകയോ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയോ ചെയ്യരുതെന്ന് എംബസി നിർദേശിച്ചു.
സൗദിയിലെ പ്രാദേശിക നിയമങ്ങളും സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണം. അടിയന്തര മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ സുരക്ഷിതമായ കെട്ടിടത്തിനുള്ളിൽ തുടരുകയും ജനാലകൾ, തുറസ്സായ സ്ഥലങ്ങൾ, അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവയിൽനിന്ന് അകന്നുനിൽക്കുകയും വേണം. സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കി ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും പ്രവാസികളോടും അവരുടെ കുടുംബാംഗങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്.