യമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികൾ തൊടുത്തുവിട്ട മിസൈലുകൾ തടഞ്ഞതിനെ തുടർന്ന് മക്ക മദീന മേഖലകളിൽ മിസൈൽ അവശിഷ്ടങ്ങൾ  പതിച്ചതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി. ‘ഭീകര സംഘടനയായ ഹൂതി മിലിഷ്യ മക്ക അൽ-മുഖർറമ, മദീന അൽ-മുനവ്വറ എന്നീ മേഖലകൾക്ക് നേരെ തൊടുത്തുവിട്ട രണ്ട് ബാലസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങളാണ് താഴെ പതിച്ചത്’ എന്ന് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് എക്സിലെ കുറിപ്പിലൂടെയാണ് അറിയിച്ചത്. മക്കയ്ക്ക് പുറത്തുള്ള വാദി മുഗാമസ്, ജിദ്ദയിലെ അൽ-നുസ്ഹ, താഇഫിലെ വാദി ജലീൽ, റാബിഗിലെ ജനവാസമില്ലാത്ത സ്ഥലം എന്നിവിടങ്ങളിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതെന്നും കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ഇസ്‌ലാമിന്റെ ഏറ്റവും പവിത്രമായ രണ്ട് നഗരങ്ങളെ ലക്ഷ്യമിട്ടെന്ന വാർത്ത ഹൂതികൾ നിഷേധിച്ചു.

"ഞങ്ങളുടെ സൈന്യം മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങൾക്ക് നേരെ ആക്രമണം നടത്തിയെന്ന് സൗദി ശത്രുക്കൾ പ്രചരിപ്പിക്കുന്നത് വലിയൊരു നുണയാണ്" എന്നായിരുന്നു ഹൂതി സൈനിക വക്താവ് യഹ്‌യ സാരിയുടെ പ്രതികരണം. നേരത്തെ, സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നതും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാൻ ചുമതലപ്പെട്ടതുമായ സൗദി സിവിൽ ഡിഫൻസ് മക്ക ഉൾപ്പെടെയുള്ള നാല് പടിഞ്ഞാറൻ പ്രവിശ്യകളിൽ അപകട സാധ്യതാ മുന്നറിയിപ്പ് നല്‍കുകയും നഗരവാസികളോട് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വെള്ളി, ശനി ദിവസങ്ങളിലായി മൂന്ന് വിമാനത്താവളങ്ങൾ, രണ്ട് എണ്ണകേന്ദ്രങ്ങൾ, ഒരു പൈപ്പ്‌ലൈൻ, ഒരു എയർ ബേസ് എന്നിവയുൾപ്പെടെ നിരവധി സൗദി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നത്.

സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയെന്നും ദമ്മാം, നജ്റാൻ മേഖലകളിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ടെന്നും യഹ്‌യ സാരി പറഞ്ഞു. കൂടാതെ തെക്കൻ ഖമീസ് മുശൈത്തിലെ എയർ ബേസ്, അസംസ്കൃത എണ്ണ പമ്പിംഗ് സ്റ്റേഷനുകൾ, കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള എണ്ണ പൈപ്പ്‌ലൈൻ എന്നിവയ്ക്ക് നേരെയും ആക്രമണം നടത്തിയതായി  ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു. മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ തെക്കൻ തുറമുഖ നഗരമായ ഏഡനിലെ കോസ്റ്റ് ഗാർഡ് കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ മൂന്ന് ബാലസ്റ്റിക് മിസൈലുകൾ തൊടുത്തതായി സൗദി പിന്തുണയുള്ള യമൻ സർക്കാരും ശനിയാഴ്ച അറിയിച്ചു.

ഈ പുതിയ സംഘർഷങ്ങൾ 2022-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. സൗദി സഖ്യസേനയും ഹൂതികളും തമ്മിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ ഈ കരാർ സഹായിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട യമൻ സർക്കാരിനെ സൗദി സഖ്യസേന പിന്തുണയ്ക്കുമ്പോൾ തലസ്ഥാനമായ സനാ ഇപ്പോഴും ഹൂതികളുടെ നിയന്ത്രണത്തിലാണ്.

Houthi Missile Debris Lands in Mecca and Medina Regions:

missile debris from intercepted Houthi ballistic missiles landed in the Mecca and Medina regions, according to the Saudi Civil Defense. The incident highlights escalating tensions in the region as Houthi forces target various Saudi infrastructure sites, raising serious international concerns.