• ഉംറ തീര്‍ഥാടനത്തിനായി കുടുംബസമേതം സൗദിയിലേക്ക് എത്തിയതായിരുന്നു അലി. അലിയുടെ ഭാര്യയും രണ്ട് ആണ്‍മക്കളും ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലാണ്. മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്

റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ചത് ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം. ഐടി ജീവനക്കാരനായ അലി മുഹമ്മദലിയാണ് മരിച്ചത്. ഉംറ തീര്‍ഥാടനത്തിനായി കുടുംബസമേതം സൗദിയിലേക്ക് എത്തിയതായിരുന്നു അലി. അലിയുടെ ഭാര്യയും രണ്ട് മക്കളും ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലാണ്. ഒരു കുട്ടിക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. Also Read: 'കണ്ണിന് കണ്ണ്, പല്ലിന് പല്ല്' നയം തുടരാന്‍ ഹൂതികള്‍; ആക്രമണം തുടരും; സൗദിക്ക് വീണ്ടും മുന്നറിയിപ്പ്

ശനിയാഴ്ചയാണ് അലിയും കുടുംബവും കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയത്. മദീനയിലേക്ക് യാത്ര തിരിക്കാനായി ചെക്ക് ഇന്‍ ചെയ്യാനൊരുങ്ങവേയാണ് മിസൈലിന്‍റെ അവശിഷ്ടം പതിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ മാരകമായി പരുക്കേറ്റത്. സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യ, അമേരിക്ക, ഈജിപ്ത്, ജോര്‍ദന്‍, സിറിയ, പലസ്തീന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്‍മാരും ബംഗ്ലദേശില്‍ നിന്നുള്ള രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്.

പത്തോളം ഇന്ത്യക്കാര്‍ക്കാണ് ഹൂതി ആക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റവരെയെല്ലാം നേരില്‍ സന്ദര്‍ശിച്ചുവെന്നും ആവശ്യമായ സഹായ സഹകരണം ഉറപ്പ് നല്‍കിയെന്നും എംബസി അറിയിച്ചു. സൗദി അധികൃതര്‍ മതിയായ ചികില്‍സ നല്‍കുന്നുണ്ടെന്നും പരുക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംബസി എക്സ് പോസ്റ്റില്‍ അറിയിച്ചു. അലിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ എംബസി, ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും വ്യക്തമാക്കി.

സൗദിയെ ലക്ഷ്യമിട്ട് ഹൂതികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് റിയാദിലെ എയര്‍പോര്‍ട്ടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ദമ്മാമിലെ കിങ് ഫഹദ് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് നേരെ ഞായറാഴ്ച വൈകുന്നേരവും ആക്രമണം ഉണ്ടായി. ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നടക്കം സൗദിയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 

ENGLISH SUMMARY:

A Hyderabad-based IT professional, Ali Mohammed Ali, has died after sustaining critical injuries in an explosion at King Khalid International Airport in Riyadh, Saudi Arabia. Ali had travelled to Saudi Arabia with his family for Umrah, and his wife and two children are in the ICU with serious injuries, while another child was also injured. Around 10 Indians were reportedly injured in the attack, and the Indian Embassy has assured assistance to the affected families and is coordinating arrangements to repatriate Ali’s body. The attacks, claimed by the Houthis, also targeted King Fahd International Airport in Dammam, prompting flight cancellations to Saudi Arabia, including services from Kerala.