റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തിൽനിന്ന് ഉയർന്ന കറുത്ത പുക.
ഹൂതികളുടെ ആക്രമണം തുടരുന്നതിനിടെ സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ മിസൈല്‍ ആക്രമണം. വിമാനത്താവളം ഒഴിപ്പിച്ചതായും വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു എന്നുമാണ് വിവരം. ആക്രമണത്തിൽ പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. അതേസമയം, ഹൂതി ഭീഷണികൾക്കിടയിലും തലസ്ഥാനത്ത് മുൻനിശ്ചയിച്ച ലോക പെട്രോളിയം കോൺഗ്രസും ഭാവി നിക്ഷേപ ഉച്ചകോടിയും മാറ്റിവെക്കില്ലെന്ന് സൗദി വ്യക്തമാക്കി. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. നേരത്തെ നടത്ത ആക്രമണത്തില്‍ പൈലറ്റ് അടക്കം മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു.
വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ മിസൈൽ പതിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എപി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വിമാനത്താവളത്തിനുള്ളിൽ നിരവധി പേർ പരിക്കേറ്റ് നിലത്ത് കിടക്കുന്നത് കണ്ടതായും ഡസനിലധികം ആംബുലൻസുകൾ വിമാനത്താവളത്തിലേക്ക് പോകുന്നത് കണ്ടതായും ദൃക്ഷസാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി വ്യോമപാത ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾക്ക് ഹൂതികൾ വീണ്ടും മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും വ്യോമാക്രമണമുണ്ടായത്. ഉഗ്രസ്ഫോടന ശബ്ദം കേട്ടതായി പരിസരവാസികൾ വ്യക്തമാക്കി. പരിക്കേറ്റ പന്ത്രണ്ടിലധികം ആളുകളിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സൗദിയയുടേത് ഉൾപ്പെടെ മൂന്ന് യാത്രാവിമാനങ്ങൾ തകർന്നതായി വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു. തുടർ ആക്രമണങ്ങൾക്ക് മറുപടിയായി യെമനിൽ ഹൂതികളുടെ 136 സൈനിക കേന്ദ്രങ്ങൾ സൗദി സഖ്യസേന തകർത്തു. ഹൂതികളുടെ പക്കലുള്ള ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായി ഇല്ലാതാക്കുമെന്നും ബാബുൽ മൻദിബിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് സഖ്യസേന വ്യക്തമാക്കി.
സനായിലെ രാജ്യാന്തര വിമാനത്താവളത്തിന് നേരെ സൗദി സഖ്യസേന നാല് തവണ ആക്രമണം നടത്തിയെന്ന് ഹൂതികൾ ആരോപിച്ചു. ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സൗദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഊർജ്ജ ഫോറം മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി. എന്നാൽ ലോക പെട്രോളിയം കോൺഗ്രസും, ഈ മാസം 26 മുതൽ ആരംഭിക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിയും നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സൗദി അറിയിച്ചു. പ്രമുഖ ഭരണാധികാരികളും മന്ത്രിമാരും പങ്കെടുക്കുന്നതിനാൽ തലസ്ഥാനത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
റിയാദിലേക്കുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ flightradar24 ല്‍ കാണിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസും, എയര്‍ ഇന്ത്യയും റിയാദില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ സര്‍വീസുകള്‍ 14 വരെയും എയര്‍ ഇന്ത്യയുടേത് ഒക്ടോബര്‍ 15 വരെയുമാണ് റദ്ദാക്കിയത്.