Image credit: Reuters
സൗദി തലസ്ഥാനമായ റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി യെമനില്‍ നിന്നുള്ള ഹൂതികള്‍. പുലര്‍ച്ചെയാണ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള അരാംകോയുടെ ഇന്ധന കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായത്. വിമാനത്താവളത്തിന് സമീപത്ത് നിന്നും വലിയ തീയും പുകയും ഉയരുന്നത് കാണാം.
വിമാനത്താവളത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളിലായും കറുത്ത പുക ദൃശ്യമാണ്. അതേസമയം, ഹൂതികള്‍ തൊടുത്ത മിസൈല്‍ വ്യോമപ്രതിരോധം നിര്‍വീര്യമാക്കിയെന്ന് സൗദി വ്യോമസേന വക്താവ് തുര്‍കി അല്‍ മാല്‍കി എക്സില്‍ കുറിച്ചു. 'ബിഷ, തെയ്ഫ്, ഫര്‍സാന്‍, യന്‍ബു എന്നിവിടങ്ങളിലെ ജനവാസ മേഖലകളും ഹൂതികള്‍ ലക്ഷ്യമിട്ടുവെങ്കിലും വ്യോമപ്രതിരോധം എല്ലാത്തിനെയും തകര്‍ത്തു' എന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു. ഹൂതികളുടെ പ്രവിശ്യയിലേക്ക് കനത്ത വ്യോമാക്രമണവും സൗദി നടത്തി.
വിജയകരമായ രണ്ട് ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ഹൂതികളുടെ അവകാശവാദം. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഡ്രോണുകളും ദൗത്യത്തിനായി ഉപയോഗിച്ചുവെന്നും ഹൂതി സൈനിക വക്താവ് യഹ്യ സറി ടെലഗ്രാം പ്രസ്താവനയില്‍ പറഞ്ഞു. 'സൗദിയിലെ സെന്‍സിറ്റീവ് പ്രദേശങ്ങളായ റിയാദ്, യന്‍ബുവിലെ അരാംകോ ഇന്ധന കേന്ദ്രം എന്നിവ ആക്രമിച്ചു' എന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹൂതികളുടെ ആക്രമണം ഉണ്ടായേക്കാമെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ കഴിയണമെന്നും രാത്രിയില്‍ സൗദി അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. റിയാദിലെ രാജ്യാന്തര വിമാനത്താവളത്തില്‍ സാരമായ തകരാറുകള്‍ സംഭവിച്ചുവെന്നും എന്നാല്‍ വിമാന സര്‍വീസുകള്‍ക്ക് നിലവില്‍ തടസമില്ലെന്നുമാണ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24 വ്യക്തമാക്കുന്നത്. അതേസമയം സൗദിയും ഹൂതികളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഇരുപക്ഷവും എത്രയും വേഗം സമാധാനക്കരാറിലേക്ക് എത്തിച്ചേരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇറാന്‍റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സിന്‍ റസായി പ്രതികരിച്ചു.