mecca-03

ഫയല്‍ ചിത്രം

TOPICS COVERED

സൗദിയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണവും തുടര്‍ന്നതോടെ മക്കയടക്കം തീര്‍ഥാടന കേന്ദ്രങ്ങളില്‍ അപായസൈറണ്‍ മുഴങ്ങി. ഖാമിസ് മുഷൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തിൽ പതിമൂന്ന് പേർക്ക് പരുക്കേറ്റു. ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയും വ്യോമാക്രമണമുണ്ടായി. അതേസമയം ,സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്തിൽ ഡ്രോൺ ഉപയോഗത്തിന് കർശന നിരോധനം ഏർപ്പെടുത്തി.

 

സൗദിയുടെ അതിർത്തി നഗരങ്ങളായ അബഹ, ഖാമിസ് മുഷൈത്ത് എന്നിവയ്ക്ക് പുറമെ തായിഫിലും ഹൂതികളുടെ ആക്രമണമുണ്ടായി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പതിച്ച് ഏഴ് വീടുകളും രണ്ട് വാഹനങ്ങളും തകർന്നു. ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ റിയാദിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. പ്രധാന എണ്ണ തുറമുഖമായ യാൻബുവിലും  വിവിധ നഗരങ്ങളിൽ അപായ മുന്നറിയിപ്പ് നൽകി. സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മക്കയിൽ മുന്നറിയിപ്പ് നൽകുന്നത്. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയുമായി ചർച്ച നടത്തി. ചെങ്കടലിൽ സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ബാബ് അൽ മന്ദബ് കടലിടുക്ക് അടഞ്ഞാൽ ലോകം വലിയ ദുരന്തം നേരിടേണ്ടി വരുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.

അതേസമയം,പ്രതിസന്ധിക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് അമേരിക്ക പ്രതികരിച്ചു.ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ വ്യോമാക്രമണമുണ്ടായതിനെ തുടർന്ന് കപ്പലിലെ ഇരുപത്തിമൂന്ന് ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തി. കാണാതായ രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ ഡ്രോൺ ഉപയോഗത്തിനും ആകാശ ദൃശ്യങ്ങൾ പകർത്തുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തി. അതിനിടെ, ആക്രമണങ്ങളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടയാൾക്ക് ബഹ്റൈൻ അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു.

ENGLISH SUMMARY:

Saudi Houthi attack incidents have escalated with missile and drone strikes targeting populated areas, leading to an alarm in Mecca and other pilgrimage sites. Thirteen people were injured in attacks on Khamis Mushait, Abha, and Taif, and a cargo ship off the coast of Oman was also hit.