Image Credit: Reuters
പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. ഹോര്‍മുസ് കടലിടുക്കിലെ ലറാക്ക് ദ്വീപിലുള്ള ഇറാന്‍റെ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെയാണ് അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണം. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് വീണ്ടും ഇറാനെ ആക്രമിച്ചിരിക്കുന്നത്. ആക്രമണത്തില്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണം യുഎസ് സെന്‍റ്കോം സ്ഥിരീകരിച്ചു. ' പുലര്‍ച്ചെ അമേരിക്കന്‍ സൈന്യം ലറാക്ക് ദ്വീപിലെ രണ്ട് ഇറാന്‍ ലോഞ്ചറുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഹോര്‍മുസില്‍ മൈന്‍ വിതയ്ക്കാന്‍ ഇറാന്‍ സൈന്യം തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയായിരുന്നു ഇത്' എന്നാണ് യുഎസ് സെന്‍റ്കോം വക്താവ് പ്രതികരിച്ചത്.
അതേസമയം, യുഎസ് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്നും ജോര്‍ദനിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നും ഐആര്‍ജിസി അവകാശപ്പെട്ടു.' 'ജോര്‍ദനിലെ കിങ് ഹുസൈന്‍, അല്‍ അസ്റക് വ്യോമതാവളങ്ങളിലെ സാങ്കേതിക സൗകര്യങ്ങള്‍, അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രങ്ങള്‍,യുദ്ധവിമാനങ്ങള്‍ എന്നിവയ്ക്ക് നേരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. കനത്ത നാശനഷ്ടം ഉണ്ടാക്കി' എന്നാണ് ഔദ്യോഗിക ടെലിവിഷനിലൂടെ ഇറാന്‍ സൈന്യം വെളിപ്പെടുത്തിയത്.
മൈന്‍ ഭീഷണിയില്‍ നിന്ന് ഹോര്‍മുസിനെ പൂര്‍ണമായും സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യമാണ് യുഎസിനുള്ളതെന്ന് സെന്‍റ്കോം വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും ആക്രമണം. രാജ്യാന്തര കപ്പല്‍ച്ചാലിലെ മൈനുകള്‍ യുഎസ് സൈന്യം നിര്‍വീര്യമാക്കി പാത സുരക്ഷിതമാക്കിയതായി സെന്‍റ്കോം നേവി ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് നേരത്തേ അവകാശപ്പെട്ടിരുന്നു.
ഇടവേളയ്ക്ക് ശേഷം ഇറാനെ യുഎസ് വീണ്ടും ആക്രമിച്ചതോടെ പാക്കിസ്ഥാന്‍റെയും ഖത്തറിന്‍റെയും നേതൃത്വത്തില്‍ മാസങ്ങളായി നടന്നുവന്ന സമാധാനശ്രമങ്ങള്‍ താറുമാറായി. അന്തിമ കരാറിലേക്കെത്താനും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനും മധ്യസ്ഥര്‍ ശ്രമിക്കുന്നതിനിടെയാണ് യുഎസ് പ്രകോപനം. ഏപ്രിലില്‍ താല്‍കാലിക വെടിനിര്‍ത്തലിലേക്ക് എത്തിയിരുന്നു. ജൂണില്‍ അന്തിമ കരാറുണ്ടാക്കാമെന്നായിരുന്നു അന്നത്തെ പ്രതീക്ഷ. പക്ഷേ അത്തരമൊരു സമാധാനക്കരാറിലേക്ക് കാര്യങ്ങള്‍ എത്തിയില്ല. പകരം ഇറാന് നേരെ അമേരിക്ക സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചു. സാമ്പത്തിക ഉപരോധമടക്കമുള്ളവയെ യുദ്ധമായി തന്നെ കാണുമെന്ന് ഇറാനും നിലപാട് സ്വീകരിച്ചതോടെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവില്ലാതെ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് ഇറാനില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നേരെയും ഇറാന്‍റെ തുറമുഖങ്ങള്‍ക്ക് നേരെയും യുഎസ് ഉപരോധം ശക്തമാക്കിയത്.
യുഎസ് ഹോര്‍മുസില്‍ ആക്രമണം നടത്തിയതിന് പിന്നാലെ രാജ്യാന്തര എണ്ണ വില കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയിലിന്‍റെ വിലയ്ക്ക് പുറമെ വളത്തിന്‍റെ വിലയിലും വന്‍ കുതിച്ചുചാട്ടമുണ്ടായി. ലഭ്യത കുറഞ്ഞതാണ് കാരണം. നോര്‍ത്ത് സീ ബ്രെന്‍റ് ക്രൂഡ് ബാരലിന് 90.31 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റര്‍മീഡിയറ്റിന്‍റെ വില ബാരലിന് 85.41 ആയും ഉയര്‍ന്നു.