സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. നബിദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച 'ഹുബ്ബുൽ റസൂൽ' കോൺഫറൻസിൽ സംസാരിക്കവേയായിരുന്നു സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള തന്റെ പഴയ നിലപാടുകൾ ആവർത്തിച്ച് കാന്തപുരം വീണ്ടും വിവാദ പ്രസ്താവന നടത്തിയത്.
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും ഇസ്‌ലാം മതത്തെക്കുറിച്ച് വിപുലമായും ആഴത്തിലും പഠിച്ച വ്യക്തിയെന്ന നിലയിൽ മുസ്‌ലിം സമുദായ കാര്യങ്ങളിൽ സംസാരിക്കാനും നിലപാടുകൾ വ്യക്തമാക്കാനും തനിക്ക് പൂർണ്ണ അധികാരമുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
മതപരമായ കാര്യങ്ങളിൽ താൻ സംസാരിക്കുമ്പോൾ വിമർശനങ്ങളുമായി എത്തുന്ന സംഘടനകൾക്ക് അതിന് അവകാശമില്ലെന്ന് കാന്തപുരം പരിപാടിയിൽ തുറന്നടിച്ചു. താൻ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെ ഒരുകാലത്തും എതിർക്കാൻ ശ്രമിക്കാറില്ലെന്നും എന്നാൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉപയോഗിച്ച് സ്വന്തം മതവിശ്വാസം ഉയർത്തിപ്പിടിക്കാനും പ്രചരിപ്പിക്കാനും തനിക്ക് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുപോലുള്ള മതപരമായ നിലപാടുകൾ മുൻപും ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നും അത് ഇനിയും പറയുമെന്നും അദ്ദേഹം ചടങ്ങിൽ ഉറപ്പിച്ചു പറഞ്ഞു. ഇതേ ചടങ്ങിൽ സംസാരിച്ച എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, പാചകം ചെയ്യുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീകളെ ലിബറലുകൾ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സ്ത്രീ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കാന്തപുരം മുൻപ് നടത്തിയിട്ടുള്ള പരാമർശങ്ങൾ വലിയ തോതിലുള്ള സാമൂഹിക-രാഷ്ട്രീയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമാപന സമ്മേളനത്തിലും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തെ തള്ളിപ്പറഞ്ഞുള്ള പ്രസ്താവന വീണ്ടുമുണ്ടായത്. സ്ത്രീകളുടെ വസ്ത്രധാരണത്തെയും പൊതുരംഗത്തെ സാന്നിധ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ വിവിധ സാംസ്കാരിക, വനിതാ സംഘടനകളിൽ നിന്ന് വരും ദിവസങ്ങളിൽ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്.