പത്തനംതിട്ട ഇരവിപേരൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി. തോട്ടപ്പുഴ സ്വദേശിയായ ജുവൽ ജോൺ ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഇരവിപേരൂരിലെ സുഹൃത്തിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടയിലുണ്ടായ രൂക്ഷമായ തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ തിരുവല്ലാ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മദ്യപാനത്തിനിടെയുണ്ടായ വഴക്കിനിടെ രണ്ടുപേർ കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ ഒരാൾ കിണറ്റിൽ നിന്ന് മുകളിലേക്ക് കയറി രക്ഷപ്പെടുന്നതാണ് കണ്ടത്. എന്നാൽ കിണറ്റിനുള്ളിൽ മറ്റാരുമില്ലെന്നാണ് കരയ്ക്കുകയറിയയാൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇതാണ് സംഭവത്തിൽ ദുരൂഹതയുണർത്തിയത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ജുവൽ ജോണിനെ കിണറ്റിൽ കണ്ടെത്തിയത്. അടിയന്തരമായി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം ജീവൻ നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിൽ കസ്റ്റഡിയിലുള്ളവർക്ക് മുൻപ് വലിയ രീതിയിലുള്ള ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും. കിണറ്റിൽ വീഴുന്നതിന് മുൻപോ വീണ ശേഷമോ ജുവലിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടോയെന്നും, കൊലപാതകം കരുതിക്കൂട്ടി ചെയ്തതാണോയെന്നും അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.