ഗൾഫ് പ്രവാസികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകി വിമാനക്കൂലി നിയന്ത്രണ വിഷയത്തിൽ സുപ്രീം കോടതി നടത്തിയ സുപ്രധാന ഇടപെടലിനെ പ്രവാസി ലീഗൽ സെൽ (PLC) സ്വാഗതം ചെയ്തു. എസ്. ലക്ഷ്മിനാരായണൻ നൽകിയ ഹർജിയിൽ കോടതി മുമ്പാകെ സമർപ്പിച്ച കരട് ചട്ടങ്ങൾ പരിശോധിച്ച സുപ്രീം കോടതി, ഇവ അന്തിമരൂപത്തിലാക്കി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം അനുവദിക്കുകയും കേസ് സെപ്റ്റംബർ ഏഴിലേക്ക് മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. 

പ്രവാസി സമൂഹത്തിന് വിമാനയാത്ര ഒരു ആഡംബരമല്ലെന്നും, മറിച്ച് കുടുംബത്തോടും നാടിനോടുമുള്ള ബന്ധം നിലനിർത്താനുള്ള ജീവൽപ്രധാനമായ മാർഗ്ഗമാണെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടി. ഉത്സവ-അവധിക്കാലങ്ങളിലും അടിയന്തര ഘട്ടങ്ങളിലും വിമാനക്കമ്പനികൾ നടത്തുന്ന അനിയന്ത്രിതമായ നിരക്കുവർധന സാധാരണ പ്രവാസി തൊഴിലാളികളെയും കുടുംബങ്ങളെയും വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നത്. വിമാനക്കൂലി സുതാര്യവും ഉത്തരവാദിത്തപരവും ന്യായവുമായ രീതിയിൽ നിയന്ത്രിക്കപ്പെടേണ്ടത് പ്രവാസികളുടെ നീതിയുടെയും മാന്യതയുടെയും വിഷയമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ ലീഡ് പെറ്റീഷണറുമായി ചേർന്ന് വിഷയം കോടതിയിൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. സുപ്രീം കോടതിയുടെ പുതിയ നീക്കത്തിൽ വലിയ പ്രതീക്ഷയുണ്ടെന്നും പ്രവാസികളുടെ ദീർഘകാല ആശങ്കയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നും ദുബായ് ചാപ്റ്റർ പ്രസിഡന്‍റ് ടി.എൻ.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. പ്രവാസി തൊഴിലാളികളുടെ തൊഴിൽ-സാമൂഹിക സുരക്ഷ, നിയമസഹായം, റിക്രൂട്ട്‌മെന്‍റ് പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടേറെ മേഖലകളിൽ സജീവമായി ഇടപെടുന്ന സംഘടന വിമാനക്കൂലി വിഷയത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ്. 

സുപ്രീം കോടതിയുടെ അനുകൂല നിലപാടിനെ ദുബായ് ചാപ്റ്ററിന് പുറമെ ഒമാൻ, കുവൈത്ത് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ ചാപ്റ്റർ ഭാരവാഹികളും സ്വാഗതം ചെയ്തു. ഇത് കേവലം ഒരു ഉപഭോക്തൃ പ്രശ്നം മാത്രമല്ലെന്നും സാധാരണക്കാരായ പ്രവാസികളുടെ ജീവിതത്തെയും സാമൂഹിക നീതിയെയും ബാധിക്കുന്ന വിഷയമാണെന്നും അവർ ചൂണ്ടിക്കാട്ടി. അന്യായമായ ടിക്കറ്റ് നിരക്കിൽ നിന്ന് പ്രവാസികൾക്ക് സംരക്ഷണം നൽകുന്ന പ്രായോഗികമായ നിയന്ത്രണ സംവിധാനം നിലവിൽ വരുന്നതുവരെ നിയമപോരാട്ടം തുടരാനാണ് പ്രവാസി ലീഗൽ സെല്ലിന്‍റെ തീരുമാനം. നീതിപൂർവ്വമായ വിമാനക്കൂലി ഉറപ്പാക്കാനുള്ള നിയമപരമായ എല്ലാ സഹായങ്ങളും പ്രവാസി സമൂഹത്തിന് സംഘടന ഉറപ്പുനൽകുന്നു.

ENGLISH SUMMARY:

The Supreme Court's significant intervention in airfare control offers much-needed relief and hope for millions of overseas Indians, including Gulf expatriates. The Pravasi Legal Cell (PLC) welcomed this move, emphasizing that air travel is a vital connection to family and homeland, not a luxury, and has been a long-standing concern for expatriates.