വെള്ളപ്പാണ്ട് (വിറ്റിലിഗോ) ചികിത്സാരംഗത്ത് നിർണായക വഴിത്തിരിവുമായി പുതിയ ഓറൽ ഗുളികയായ ‘റിൻവോക്’ (Rinvoq) യുഎഇയിൽ അംഗീകരിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്‍റ് ഔദ്യോഗിക അനുമതി നൽകിയതോടെ, ഈ നവീന ചികിത്സയ്ക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമായി യുഎഇ മാറി.
12 വയസ്സും അതിനു മുകളിലും പ്രായമുള്ള, സിസ്റ്റമിക് തെറപ്പി ആവശ്യമുള്ള 'നോൺ-സെഗ്‌മെന്‍റൽ വിറ്റിലിഗോ' ബാധിതർക്കാണ് ദിവസത്തിൽ ഒരിക്കൽ കഴിക്കാവുന്ന ഈ ഗുളിക നിർദേശിക്കുന്നത്. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തിലെ തകരാറുമൂലം ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ കോശങ്ങൾ നശിക്കുന്നതാണ് രോഗകാരണം. എന്നാൽ ഇതൊരു പകർച്ചവ്യാധിയല്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
നിലവിൽ പുറമെ പുരട്ടുന്ന ലേപനങ്ങളും ഫോട്ടോതെറപ്പിയും അടക്കമുള്ള ചികിത്സകൾ ലഭ്യമാണെങ്കിലും, പുതിയ ഗുളിക എല്ലാ രോഗികൾക്കും ഒരേപോലെ പകരമാകണമെന്നില്ല. അതിനാൽ രോഗവ്യാപനവും ശാരീരികാവസ്ഥയും പരിശോധിച്ച് സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ അനുയോജ്യമായ ചികിത്സ തിരഞ്ഞെടുക്കാവൂ എന്ന് അധികൃതർ വ്യക്തമാക്കി.