ഇലക്ട്രിക് വിമാനങ്ങളുടെ ഡിസൈൻ, ടെസ്റ്റിങ്, സർട്ടിഫിക്കേഷൻ, നിർമാണം എന്നിവയ്ക്ക് പിന്തുണ നൽകുന്ന ഒട്ടേറെ പുതിയ കരാറുകളിൽ ഒപ്പിട്ട് യുഎഇ.
അഡ്വാൻസ്ഡ് എയർ മൊബിലിറ്റി ഹബ്ബാകാനാണ് യു.എ.ഇയുടെ നീക്കം.
സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി, അബുദാബി മൊബിലിറ്റി, അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫിസ് എന്നിവയാണ് ഈ സഹകരണ കരാറിൽ ഏർപ്പെട്ടത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങൾ വികസിപ്പിക്കാനും, സുരക്ഷാ ചട്ടങ്ങൾ തയ്യാറാക്കാനും, അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കേഷൻ സംവിധാനം രൂപീകരിക്കാനുമാണ് കരാർ ലക്ഷ്യമിടുന്നത്.
ഇതുവഴി ഫ്ലയിങ് ടാക്സികൾ പ്രവർത്തിപ്പിക്കുന്നതിനൊപ്പം അവയുടെ രൂപകൽപ്പന, നിർമാണം, കയറ്റുമതി എന്നിവയുടെയും ഹബ്ബായി യുഎഇ മാറും. ഇതിന്‍റെ ഭാഗമായി അൽഐനിനെ വിമാന പരീക്ഷണത്തിന്‍റെയും സർട്ടിഫിക്കേഷന്യന്‍റെയും മുഖ്യ കേന്ദ്രമാക്കി ഉയർത്തും. എൻജിനീയറിങ് ഹബ്ബുകൾ, വിമാന നിർമാണ യൂണിറ്റുകൾ, റിസർച്ച് ലാബുകൾ, ടെസ്റ്റിങ് കേന്ദ്രങ്ങൾ, പ്രത്യേക എയർ കോറിഡോറുകൾ, വെർട്ടിപോർട്ടുകൾ എന്നിവയും ഒരുക്കും. ഇത് ലോകത്തെ പ്രമുഖ കമ്പനികളെയും വിദഗ്ധരെയും അബുദാബിയിലേക്ക് എത്തിക്കാൻ സഹായിക്കും.
'മെയ്ഡ് ഇൻ അബുദാബി' പദ്ധതിക്ക് കീഴിൽ 36,930 കോടി ദിർഹത്തിന്‍റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 2027 ആകുമ്പോഴേക്കും സ്മാർട്ട്, അഡ്വാൻസ്ഡ് മൊബിലിറ്റി മേഖലയിൽ 1,104 കോടി ദിർഹത്തിന്‍റെ നിക്ഷേപ സാധ്യതകൾ ഉണ്ടാകും. 'ഓപ്പറേഷൻ 300B' പദ്ധതിയുടെ ഭാഗമായി എമിറേറ്റ്സ് ഡവലപ്മെന്‍റ് ബാങ്ക് 3000 കോടി ദിർഹം വരെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ദേശീയ എണ്ണക്കമ്പനി അഡ്നോക്കുമായി സഹകരിച്ച് കരയിലെയും കടലിലെയും ഓപ്പറേഷൻ സൈറ്റുകളെ ഇലക്ട്രിക് വിമാനങ്ങൾ വഴി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയും പഠിക്കും.
സ്പേസ് 42, വെർസ എയ്റോസ്പേസ് എന്നിവയുമായുള്ള പുതിയ കരാറുകൾ ദേശീയ നാവിഗേഷൻ സംവിധാനങ്ങൾക്കും, ഓട്ടോണമസ് ആയ കര-കടൽ-വ്യോമ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും സഹായകമാകും.