യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽവേയുടെ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി പ്രവാസിയായ  മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴ സ്വദേശിയായ നിഷാദ് എന്ന ഇരുപത്തൊൻപതുകാരനാണ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന ഈ അത്യാധുനിക ട്രെയിനിനെ നയിക്കാനുള്ള ചരിത്ര നിയോഗം സ്വന്തമാക്കിയത്. പന്ത്രണ്ട് വർഷം മുൻപ് യുഎഇയിലെത്തി ചെറിയ കടകളിൽ ക്യാഷ്യറായും ഡെലിവറി ബോയായും ജോലി ചെയ്താണ് നിഷാദ് തന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. 

 

കഠിനാധ്വാനത്തിലൂടെ പിന്നീട് പാം ജുമൈറ മോണോറെയിൽ, ദുബായ് ട്രാം, ദുബായ് മെട്രോ എന്നിവയിൽ ഇൻസ്ട്രക്ടറായി തിളങ്ങിയാണ് നിഷാദ് റെയിൽവേ രംഗത്തേക്ക് ചുവടുവെച്ചത്. 2020-ൽ ഇത്തിഹാദ് റെയിലിലേക്കുള്ള ആദ്യ അപേക്ഷയിൽ സാങ്കേതിക പിഴവുകളാൽ സ്വപ്നം കൈവിട്ടെങ്കിലും നിശ്ചയദാർഢ്യത്തോടെ നിഷാദ്  പോരാട്ടം തുടർന്നു. ഒടുവിൽ കഠിനമായ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കി 2024-ൽ നിഷാദ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.രാജ്യത്തിന്റെ പൈതൃക ചരിത്രമെഴുതി യുഎഇയുടെ ആദ്യ സ്വദേശി ക്യാപ്റ്റൻമാരായ ഇബ്രാഹിം അൽ ഹമ്മാദിക്കും സാറ അൽ മസ്റൂയിക്കുമൊപ്പമാണ് ഇനി ഈ മലയാളി യുവാവും ഇത്തിഹാദ് റെയിലിന്റെ മുൻനിരയിലുണ്ടാകുക. 

 

യുഎഇയിലെ 11 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് 400 യാത്രക്കാരുമായി പറക്കുന്ന ഇത്തിഹാദ് റെയിൽവേ ഇതോടെ ഒരു പുതിയ തലമുറയുടെ പ്രതീകമായി മാറുകയാണ്. നൗഷാദിന്റെയും ഷീബയുടെയും മകനായ നിഷാദിന്റെ ഈ അപൂർവ്വ നേട്ടത്തിന് പിന്നിൽ പൂർണ്ണ പിന്തുണയുമായി ഭാര്യ ഹിബ ഗഫൂറും മകൻ ഖലീഫ സായിദുമുണ്ട്.  സഹോദരൻ റിൻഷാദും ഇതേ ഇത്തിഹാദ് റെയിൽവേയുടെ ചരക്ക് ട്രെയിനിൽ ലോക്കോ പൈലറ്റാണ് . കഠിനാധ്വാനവും വിട്ടുകൊടുക്കാത്ത മനസ്സുമുണ്ടെങ്കിൽ ഏത് വലിയ സ്വപ്നവും യാഥാർഥ്യമാക്കാം എന്ന് തെളിയിച്ച് യുഎഇയുടെ ആകാശത്തോളം ഉയരത്തിൽ മലയാളിപ്പെരുമയുടെ തിളക്കം ചാർത്തുകയാണ് നിഷാദ് എന്ന ഈ യുവ ക്യാപ്റ്റൻ.

ENGLISH SUMMARY:

Nishad, a 29-year-old Malayali from Alappuzha, has become the first Indian to be appointed as a captain of Etihad Rail's high-speed passenger trains in the UAE. After beginning his career as a cashier and delivery worker, he rose through the ranks of Dubai's rail network before securing this historic role. His inspiring journey reflects determination, perseverance, and the growing global success of Indian professionals.