ജൂൺ 19 ന് ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറക്കുമെന്ന പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. കപ്പൽപ്പാത തുറക്കുന്നതോടെ, ഇറാൻ വ്യോമാക്രമണത്തിൽ വൻ നാശനഷ്ടം നേരിട്ട റാസ് ലഫാൻ പ്ലാന്റിലെ എൽഎൻജി ഉൽപാദനം അടിയന്തിരമായി വർധിപ്പിക്കാൻ ഖത്തർ ഒരുങ്ങിക്കഴിഞ്ഞു. തകർന്ന പ്ലാന്റ് വീണ്ടും സജീവമാകുന്നതോടെ ആഗോള ഊർജ്ജ മേഖല നേരിടുന്ന കടുത്ത ഇന്ധനക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പൂർണ്ണമായും നിശ്ചലമായിരുന്ന പ്ലാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള അണിയറ ഒരുക്കങ്ങൾ ഖത്തർ എനർജി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഹോർമൂസ് കടലിടുക്ക് തുറന്ന് ആദ്യ മാസത്തിനുള്ളിൽ തന്നെ ഉൽപാദനത്തിന്റെ അമ്പത് ശതമാനവും രണ്ടാം മാസത്തിൽ എൺപത് ശതമാനവും പുനഃസ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആക്രമണത്തിൽ കനത്ത നാശനഷ്ടം നേരിട്ട ശേഷിക്കുന്ന ഇരുപത് ശതമാനം ഉൽപാദന ശേഷി പഴയപടിയാക്കാൻ അഞ്ച് വർഷമെങ്കിലും സമയമെടുക്കുമെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ആഗോള വാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കൈകാര്യം ചെയ്യുന്ന ഈ പ്ലാന്റ് തകർന്നതോടെ ചൈനയിലെയും കൊറിയയിലെയും പ്രമുഖ ഇലക്ട്രോണിക്സ് ഫാക്ടറികൾ വരെ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. ഉൽപാദനം ഇത്രയും വേഗത്തിൽ പുനരാരംഭിക്കുമെന്ന വാർത്ത രാജ്യാന്തര വിപണിയിൽ വലിയ ഉണർവാണ് രേഖപ്പെടുത്തുന്നത്. ഖത്തറിൽ നിന്ന് എൽഎൻജി വാങ്ങുന്ന കമ്പനികൾക്കും രാജ്യങ്ങൾക്കും ഉൽപാദന വർധന സംബന്ധിച്ച സൂചനകൾ ഖത്തർ എനർജി ഇതിനകം നൽകിക്കഴിഞ്ഞു. ഖത്തറിനൊപ്പം യുഎഇയുടെ അഡ്നോക് പ്ലാന്റിലും ഉൽപാദനം സാധാരണ നിലയിലേക്ക് മടങ്ങുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. വിതരണ ശൃംഖലയിലെ വിടവ് നികത്തപ്പെടുന്നതോടെ വരും ദിവസങ്ങളിൽ വ്യവസായ വാതക വിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് വിലയിരുത്തൽ.