Satellite image of side-by-side ships at sea, off the coast of Sohar (Distribution Airbus DS/Handout via REUTERS)

പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം മാസങ്ങളോളമാണ് ലോകത്തെ പ്രധാന വാണിജ്യപാതയായ ഹോര്‍മുസ് അടഞ്ഞുകിടന്നത്. ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണ വിപണി തന്നെ താളം തെറ്റി. എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും അമേരിക്കൻ സൈന്യം അതീവ രഹസ്യമായി 'ഷിപ്പ്-ടു-ഷിപ്പ്' എണ്ണ കൈമാറ്റം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരെയുള്ള ഉപരോധങ്ങൾ മറികടക്കാൻ ഇറാൻ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന രീതിയാണിത്. ഈ രീതി തന്നെയാണ് അമേരിക്കയും സ്വീകരിച്ചത്.

‘ഷിപ്പ്-ടു-ഷിപ്പ്’ എണ്ണ കൈമാറ്റം

എണ്ണയുമായി വരുന്ന വലിയ ടാങ്കറുകള്‍ തങ്ങളുടെ 'ട്രാൻസ്പോണ്ടറുകൾ' (Transponders) ഓഫ് ചെയ്യുകയും, ലൈറ്റുകൾ അണച്ച് ഇരുട്ടിൽ സഞ്ചരിച്ച് കടലിടുക്കിന് പുറത്ത് കാത്തുകിടക്കുന്ന കപ്പലുകളിലേക്ക് ഇന്ധനം മാറ്റുകയും ചെയ്യുന്ന രീതിയാണിത്. ഇരുട്ടില്‍ സഞ്ചരിക്കുന്നത് ഇറാന്‍റെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നു. മാത്രമല്ല, ലൈറ്റുകള്‍ പോലും അണച്ചുള്ള ഈ യാത്രയില്‍ തങ്ങളുടെ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് അമേരിക്കന്‍ സൈന്യം കപ്പലുകള്‍ക്ക് വഴികാട്ടിയത്. ബഹ്‌റൈനിലെ യുഎസ് നേവി ഓഫീസാണ് സഞ്ചാരപാത നിയന്ത്രിച്ചത്.

ഇത്തരത്തില്‍ രഹസ്യ എണ്ണകൈമാറ്റം നടത്തിയ രണ്ട് സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്ന് ഹോർമുസ് കടലിടുക്കിന് പുറത്ത്, യുഎഇയിലെ ഫുജൈറ തീരമാണ്. രണ്ടാമത്തേക് ഒമാനിലെ സോഹാർ തുറമുഖവും. ഇവിടെ കാത്തുനില്‍ക്കുന്ന കപ്പലുകളിലേക്ക് എണ്ണ മാറ്റുകയാണ് ചെയ്യുന്നത്. 24 മുതൽ 40 മണിക്കൂർ വരെ സമയമെടുത്താണ് ഈ രഹസ്യ കൈമാറ്റം. ശേഷം ഈ കപ്പലുകൾ രാജ്യാന്തര വിപണിയിലേക്ക് പുറപ്പെടുകയും ഇന്ധനവുമായെത്തിയ കപ്പല്‍ തിരിച്ചുവരികയും ചെയ്യുന്നു. മെയ് ആദ്യം മുതല്‍ ഈ രഹസ്യ എണ്ണകൈമാറ്റം യുഎസ് ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 92 കപ്പലുകളെങ്കിലും ഈ കൈമാറ്റത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഷിപ്പിങ് ഡാറ്റയും ഉപഗ്രഹ ചിത്രങ്ങളും വിശകലനം ചെയ്ത് റോയിറ്റേഴ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം, ഈ എണ്ണകൈമാറ്റം വളരെ സങ്കീർണ്ണവും അപകടകരവുമാണ്. ലൈറ്റുകളില്ലാതെ, വേഗതയിൽ സഞ്ചരിക്കുന്ന കപ്പലുകൾ രാത്രികാലങ്ങളിൽ കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള മേഖലകളിലൂടെ ഇത്തരത്തിൽ നീങ്ങുന്ന കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്താനും സാധ്യതയുണ്ട്. ഇതിനകം നിരവധി തവണ ഇത്തരം ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ജൂൺ 9 ന് ഇറാൻ വെടിവച്ചിട്ട, അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഈ രഹസ്യ ദൗത്യത്തിൽ ഉൾപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ഹെലികോപ്റ്റര്‍ വെടിവച്ചിട്ട ദിവസം സോഹാർ തുറമുഖത്തിന് സമീപം ആറ് ജോഡി എണ്ണ ടാങ്കറുകളുണ്ടായിരുന്നതായി റോയിറ്റേഴ്സ് അനുമാനിക്കുന്നു. എന്നാല്‍ ഈ ദൗത്യത്തില്‍ അപ്പാച്ചെയുടെ പങ്ക് എന്തായിരുന്നെന്ന് വ്യക്തമല്ല. മാത്രമല്ല ഈ ദൗത്യം നടന്നുകൊണ്ടിരിക്കെ തന്നെ ഫുജൈറ തുറമുഖം നിരവധി തവണ ഇറാന്‍റെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്.

മെയ് മുതൽ 92-ലധികം കപ്പലുകൾ ഈ ദൗത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. യുഎഇയുടെ ദേശീയ എണ്ണ കമ്പനിയായ അബുദാബി നാഷനൽ ഓയിൽ കമ്പനി, കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി എന്നിവർ ഇതിൽ പങ്കെടുച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെയ് ആദ്യം മുതൽ കുറഞ്ഞത് 90 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും ഹോര്‍മൂസ് കടത്തിയിട്ടുണ്ടാകാമെന്നാണ് റോയിറ്റേഴ്സ് കണക്കാക്കുന്നത്. എങ്കിലും ഈ ഇന്ധനം കടത്തിയ ടാങ്കറുകളുടെ ശേഷിയെ അടിസ്ഥാനമാക്കി നോക്കിയാല്‍ ഇത് വളരെ കുറവാണ്.

യുഎസിന്‍റെ വിരോധാഭാസം!

മുൻപ് ഇറാനെ ഇത്തരത്തിലുള്ള 'ഡാർക്ക് ഫ്ലീറ്റ്' (Dark Fleet) രീതികൾ ഉപയോഗിക്കുന്നതിന് അമേരിക്ക രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്നാൽ അതേ രീതിതന്നെ അമേരിക്ക അവലംബിച്ചത് രാജ്യാന്തര തലത്തിൽ വലിയ വിരോധാഭാസമായി മാറിയിരിക്കുകയാണ്. നേരിട്ട് കൈമാറ്റത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും, വ്യോമ നിരീക്ഷണം, സുരക്ഷ, കപ്പലുകളുടെ വിവരങ്ങൾ പരിശോധിക്കൽ എന്നിവയിലൂടെ അമേരിക്കൻ സൈന്യം തന്നെയാണ് ഈ നീക്കത്തെ പൂർണ്ണമായി നിയന്ത്രിച്ചത്.

ഈ രഹസ്യ എണ്ണക്കടത്തിലൂടെ ഹോർമുസ് തടസ്സപ്പെട്ടത് മൂലം ആഗോളതലത്തിലുണ്ടായ ഇന്ധനവില വർദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും അയവ് വരുത്താനാണത്രേ യുഎസ് ലക്ഷ്യമിട്ടത്. ഇതിലൂടെ പ്രതിദിനം ലക്ഷക്കണക്കിന് ബാരൽ എണ്ണ സുരക്ഷിതമായി വിപണിയിലെത്തിക്കാൻ അമേരിക്കയ്ക്ക് സാധിച്ചെങ്കിലും ഇതൊന്നു ഒരു പരിഹാരമായില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സംഘർഷങ്ങൾ ലഘൂകരിക്കപ്പെടാതെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നാണ് അന്നും ഇന്നും വിദഗ്ധർ പറയുന്നത്.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ യുഎസും ഇറാനും ഒപ്പുവച്ചതോടെ ജൂൺ 19 ന് ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറക്കുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഗൾഫ് രാജ്യങ്ങൾ. വെള്ളിയാഴ്ച ഔദ്യോഗിക ഒപ്പിടീല്‍ ചടങ്ങിന് ശേഷം ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി പൂർണമായി തുറന്നുകൊടുക്കുമെന്ന് ട്രംപും അറിയിച്ചിട്ടുണ്ട്. യുഎസ് ഉപരോധം നീക്കിയതോടെ ഇറാന്‍ എണ്ണയുമായി കപ്പലുകളും കടലിടുക്ക് കടന്നിരുന്നു.

ENGLISH SUMMARY:

During the recent months-long blockade of the strategic Hormuz Strait, which disrupted global energy markets, the US military reportedly conducted a clandestine "ship-to-ship" (STS) oil transfer operation. To circumvent the blockade and stabilize energy supply, the US utilized tactics typically employed by Iran to evade sanctions: tankers turned off their transponders and navigated in darkness to transfer oil to waiting vessels off the coasts of Fujairah (UAE) and Sohar (Oman). The operation, coordinated by the US Navy office in Bahrain and supported by aerial surveillance via drones and helicopters, involved over 92 ships and transported an estimated 90 million barrels of crude and petroleum products. While the US has previously criticized Iran for using such "dark fleet" methods, this reliance on similar tactics has been noted as a significant geopolitical irony. Though the operation helped mitigate global price hikes, experts argue it was merely a temporary fix. With a recent agreement signed between the US and Iran, the Hormuz Strait is expected to fully reopen on June 19, 2026, offering a potential path toward de-escalation.