നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച യുവതി ശ്രീലങ്കന്‍ സംഘത്തിന്‍റെ തടവില്‍ നിന്ന് മോചിതയായി. കെ.സി.വേണുഗോപാല്‍ എംപിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ആലപ്പുഴ തിരുവമ്പാടി സ്വദേശി അക്ഷയയെ മോചിപ്പിച്ചത്. വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ അറബികളുടെ വീടുകളില്‍ ഹോം നഴ്സിങ് ജോലിക്ക് അയക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതിയെന്ന് അക്ഷയ ആരോപിച്ചു.

ഒന്‍പത് ദിവസം മുന്‍പ് കൊല്ലത്തെ ട്രാവല്‍ വേള്‍ഡ് എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന ഏജന്‍സി വഴിയാണ് അക്ഷയ അജ്മാനിലേക്ക് പോയത്. അരുണ്‍ എന്നയാളുടെ പേരിലുള്ളതാണ് ഈ ഏജന്‍സി. ഇവര്‍ ആവശ്യപ്പെട്ട പ്രകാരം 70,000 രൂപയും നല്‍കി. ജോലിയും സൗജന്യതാമസവും ഭക്ഷണവും ഏജന്‍സി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഇതൊന്നും ലഭിച്ചില്ല. അക്കാര്യം ചോദ്യംചെയ്തപ്പോഴാണ് അക്ഷയയെ വീട്ടുതടങ്കലിലാക്കിയത്.

ശ്രീലങ്കക്കാരുള്‍പ്പെട്ട സംഘമാണ് അജ്മാനില്‍ പ്രവര്‍ത്തിക്കുന്നത്. പാസ്പോര്‍ട്ട് തിരികെ ചോദിച്ചപ്പോള്‍ അവഹേളിച്ചു. കൂടുതല്‍ പണം ആവശ്യപ്പെടുകയും കുടുംബാംഗങ്ങളെ ഉള്‍പ്പെടെ അധിക്ഷേപിക്കുകയും ചെയ്തു. കടുത്ത മാനസിക പീഡനമാണ് നേരിട്ടതെന്ന് അക്ഷയ പറയുന്നു. തുടര്‍ന്ന് യുവതിയുടെ കുടുംബവും ഒഐസിസി പ്രവര്‍ത്തകരും ആലപ്പുഴ എംപി കെ.സി.വേണുഗോപാലിനെ വിവരമറിയിച്ചു. 

എം.പി വിദേശകാര്യ മന്ത്രാലയവുമായും യുഎഇയിലെ എംബസിയുമായും ബന്ധപ്പെടുകയും അക്ഷയയുടെ മോചനത്തിന് സഹായം ആവശ്യപ്പെടുകയും ചെയ്തു. ഒഐസിസി പ്രവര്‍ത്തകര്‍ അക്ഷയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച സ്ഥലത്തെത്തി ശ്രീലങ്കന്‍ സംഘത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ തട്ടിപ്പ് സംഘം വിസമ്മതിച്ചതിനെ തുടര്‍ന്ന് എംബസി അധികൃതര്‍ ഇടപെട്ട് അക്ഷയ്ക്ക് പാസ്പോര്‍ട്ട്  വാങ്ങിനല്‍കി. 

ക്ഷയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്‍റ് തട്ടിപ്പ് നടത്തിയ കൊല്ലത്തെ സ്വകാര്യ ഏജന്‍സിയെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ എസ്പിയോടും എംപി നിര്‍ദേശിച്ചു. ഗള്‍ഫില്‍ തന്നെ നഴ്‌സിങ് ജോലിയില്‍ തുടരാനാണ് ആഗ്രഹമെന്ന് പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് വേണുഗോപാല്‍ അറിയിച്ചു. 

ENGLISH SUMMARY:

A young Malayali nurse named Akshaya from Thiruvampady in Alappuzha has been successfully rescued from the illegal custody of a Sri Lankan human trafficking cartel in Ajman, UAE. The victim had traveled to the Gulf nation nine days ago through a Kollam-based private agency named Travel World HR Consultancy Services after paying seventy thousand rupees for a promised institutional nursing job. Upon her arrival, the local handlers stripped her of her passport and attempted to forcefully deploy her into domestic home nursing roles under local families. When she courageously resisted their deceptive plans, the gang subjected her to severe psychological torture, locked her in confinement, and demanded heavy extortion money from her family. Following an urgent distress call from her relatives, Alappuzha MP K. C. Venugopal immediately coordinated an emergency intervention with the Ministry of External Affairs, the Indian Embassy in the UAE, and overseas OICC volunteers. Diplomatic officials successfully compelled the fraudulent agency to return her confiscated passport, and the Member of Parliament has formally directed the Alappuzha District Police Chief to initiate a stringent criminal probe into the Kollam agency.