Representative image
ഇടവേളയ്ക്ക് ശേഷം അടിയും തിരിച്ചടിയുമായി ഇറാനും യുഎസും. കുവൈത്തിലെയും ബഹറൈനിലെയും യു.എസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തി. ഇറാന്‍റെ മിസൈലുകള്‍ വെടിവച്ചിട്ടതായും സ്വയം പ്രതിരോധത്തിനായി ഇറാന്‍റെ ഖേഷ്ം ദ്വീപ് ആക്രമിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യു.എസ് ഉപരോധം ലംഘിച്ച് ഇറാനിയൻ തുറമുഖത്ത് എത്താൻ ശ്രമിച്ച എണ്ണ ടാങ്കറിനു നേരെ യു.എസ് മിസൈല്‍ ആക്രമണം നടത്തിയതോടെയാണ് പുതിയ ആക്രമണമുണ്ടായത്. ഇതോടെ വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്നും ഇറാന്‍ പിന്മാറിയെന്നാണ് വിവരം.
കുവൈത്ത് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐആര്‍ജിസി ഏറ്റെടുത്തു. അക്രമിച്ച ശേഷം ഓടുന്ന രീതി ഇനി നടക്കില്ലെന്നും പ്രത്യാക്രമണം നേരിടാന്‍ തയ്യാറാകണമെന്നും ഐആര്‍ജിസി പറഞ്ഞു. ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു രാജ്യത്തെയും ലക്ഷ്യമിട്ടു എന്നാണ് ഐആര്‍ജിസി അവകാശപ്പെട്ടത്. കുവൈത്തിന്‍റെ പേരു പറയാതെയായിരുന്നു പ്രസ്താവന.
യു.എസ് ഉപരോധം മറികടന്ന് ഖാര്‍ഗ് ദ്വീപിലേക്ക് പോകാൻ ശ്രമിച്ച എണ്ണക്കപ്പലിനു നേരെ യുഎസ് നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമാണ് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്‍ തുറമുഖങ്ങള്‍ക്ക് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് ബോട്സ്വാന പതാകയുള്ള 'എം/ടി ലെക്സി' എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഉപരോധം മറികടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യം തടഞ്ഞ ഏഴാമത്തെ കപ്പലാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
ഇരുവരും പരസ്പരം ആക്രമിക്കുമ്പോഴും വെടിനിര്‍ത്തല്‍ നിലവിലുണ്ടെന്നാണ് യു.എസ് വാദം. എന്നാല്‍ യു.എസ്-ഇസ്രയേല്‍ എന്നിവരുമായുള്ള വെടിനിർത്തൽ നീട്ടുന്നതിനെക്കുറിച്ച് ഇറാൻ മധ്യസ്ഥരുമായി ആശയവിനിമയം നിർത്തിവച്ചതായി ഇറാന്‍റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലെബനനിലെ ബെയ്‌റൂട്ടിൽ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യു.എസ് പ്രസിഡന്‍റ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ബെയ്‌റൂട്ടിൽ ആക്രമണം നിര്‍ത്താന്‍ ട്രംപ് നിര്‍ദ്ദേശിച്ചതായാണ് വിവരം.